വൈപ്പിനിൽ ഉത്സവത്തിനെത്തിയ ആന പാപ്പാനെ ഇടിച്ചിട്ട് സ്‌കൂട്ടർ യാത്രക്കാരി; വിരണ്ടോടി ആന, ഓടി രക്ഷപ്പെട്ട് നാട്ടുകാർ; വീഡിയോ

കൊച്ചി: വൈപ്പിൻ അയ്യമ്പള്ളി മഹാദേവ ക്ഷേത്രത്തിലേക്ക് പള്ളിവേട്ടയ്ക്കായി കൊണ്ടുവന്ന ആന വിരണ്ടോടിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ആനയെ വണ്ടിയിൽ നിന്നും ഇറക്കുന്നതിനിടെ പാപ്പാനെ സ്‌കൂട്ടർ യാത്രക്കാരി ഇടിച്ചു തെറിപ്പിച്ചുതോടെയാണ് ആന ഭയന്ന് ഓടിയത്. എന്നാൽ, പാപ്പാന്റെ കൂടെയുണ്ടായിരുന്നവർ വേഗം തളച്ചതിനാൽ കാര്യമായ അപകടമൊന്നും ഉണ്ടായില്ല. ആന വിരണ്ടോടുന്നത് കണ്ട് നാട്ടുകാരും ഓടിയത് പരിഭ്രാന്തി പരത്തിയിരുന്നു.

ALSO READ- ഇനി ‘ഭീമന്റെ വഴി’! ഒറ്റപ്പറക്കലിൽ വഹിക്കുക 850 ആളുകളെ; ഉക്രൈനിൽ നിന്നുള്ള രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ വ്യോമസേനയെ സഹായിക്കാൻ അമേരിക്കൻ നിർമ്മിത സി17 ഗ്ലോബ്മാസ്റ്റർ

ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണു സംഭവമുണ്ടായത്. ഉൽസവത്തിനായി കൊണ്ടുവന്ന ആനയെ ലോറിയിൽ നിന്ന് ഇറക്കി ചങ്ങല ഇടുന്നതിനിടെയാണ് വേഗതയിൽ വന്ന സ്‌കൂട്ടർ യാത്രക്കാരി പാപ്പാനെ ഇടിച്ചു തെറിപ്പിച്ചത്. ആനയുടെ ശരീരത്തിലേക്കു ചാഞ്ഞ സ്‌കൂട്ടർ പിന്നീടു മറുവശത്തേക്കു ചരിഞ്ഞു. അപകടം കണ്ടു ഭയന്ന ആന റോഡിലൂടെ ഓടി. ഇതിന്റെ വിഡിയോ മണിക്കൂറുകൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ആർക്കും കാര്യമായ പരുക്കില്ല. ബുധനാഴ്ചയിലെ അയ്യമ്പള്ളി ക്ഷേത്രത്തിലെ ഉൽസവത്തിനായാണ് ആനയെ എത്തിച്ചത്.

Exit mobile version