ഫോൺവിളിയെ ചൊല്ലി തർക്കം, മുമ്പ് കഴുത്തുമുറുക്കി കൊല്ലാനും ശ്രമിച്ചു; ഒത്തുതീർപ്പാക്കിയത് പോലീസ്; ജിൻസിയെ ദീപു വെട്ടിയത് 25ഓളം തവണ, മക്കൾ സാക്ഷി

കൊല്ലം: കടയ്ക്കൽ കോട്ടപ്പുറം സ്വദേശിനി ജിൻസിയെ (25), ഭർത്താവ് ദീപു (30) വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ കൃത്യമായ ആസൂത്രണമെന്ന് പോലീസ്. പ്രതി മുമ്പും ജിൻസിയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെന്നാണ് വെളിപ്പെടുത്തൽ. കഴുത്തുമുറുക്കി കൊലപ്പെടുത്താൻ ദീപു ശ്രമിച്ചപ്പോൾ യുവതി പോലീസിൽ പരാതിപ്പെട്ടിരുന്നു. പോലീസ് ഇടപെടലിൽ സംഭവം ഒത്തുതീർപ്പാക്കി വിടുകയായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.

ജിൻസിയുടെ ഫോൺ ഉപയോഗത്തിലുളള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. കരുതിക്കൂട്ടിയുളള കൊലപാതകത്തിന് ദീപു നേരത്തേയും ശ്രമിച്ചെന്ന് ജിൻസിയുടെ അമ്മ പറയുന്നു. എന്നാൽ വീട്ടിൽ മറ്റ് ബന്ധുക്കളും ഉള്ളതിനാൽ പലപ്പോഴും നടന്നിരുന്നില്ല.

കഴുത്തുമറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ കേസിൽ പോലീസ് വിളിപ്പിച്ചപ്പോൾ ഇനി ആവർത്തിക്കില്ലെന്ന് പ്രതി പോലീസിനു മുൻപാകെ ഉറപ്പുനൽകിയിരുന്നു. തുടർന്നാണ് ജിൻസിയും അന്ന് വിട്ടുവീഴ്ചയ്ക്ക് തയാറായത്.

പിന്നീട് പ്രകോപിതനായ ദീപു പുതുവത്സരദിനത്തിലാണ് ജിൻസിയെ മക്കളുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയത്. അന്നു ഫോൺവിളികളെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ വെട്ടുകത്തിയുമായി എത്തിയ പ്രതി, ജിൻസിയെ മകൾക്കു മുന്നിൽ വച്ച് വെട്ടി പരുക്കേൽപിച്ചു. വെട്ടേറ്റ ജിൻസി ഓടാൻ ശ്രമിച്ചെങ്കിലും അടുക്കളയുടെ ഭാഗത്ത് വീണു. സമീപത്തുള്ളവർ ഓടിയെത്തി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ജിൻസിയുടെ ശരീരത്തിൽ ഇരുപത്തിയഞ്ചോളം ആഴത്തിലുളള മുറിവാണ് ഉണ്ടായിരുന്നത്. പോലീസ് പിടികൂടിയ ദീപുവിനെ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.

പരേതനായ പുഷ്പന്റെയും കോട്ടപ്പുറം കശുവണ്ടി ഫാക്ടറി തൊഴിലാളി ലതയുടെയും ഏക മകളാണ് ജിൻസി. ദീപുവും ജിൻസിയും പ്രണയിച്ച് വിവാഹിതരായതാണ്. മന്ത്രി ജെ.ചിഞ്ചുറാണി ഉൾപ്പെടെയുളളവർ ജിൻസിയുടെ വീട്ടിലെത്തി വിവരങ്ങൾ തേടി.

അതേസമയം, നേരത്തേ ജിൻസിയുടെ പരാതി ഒത്തുതീർപ്പാക്കിയത് ജിൻസിയുടെ തന്നെ ആവശ്യപ്രകാരം ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇനി ഉപദ്രവിക്കാതിരുന്നാൽ മതി, കേസ് വേണ്ടെന്ന് ജിൻസി പറഞ്ഞതുകൊണ്ട് ഒഴിവാക്കിവിട്ടെന്നാണ് പോലീസിന്റെ വിശദീകരണം.

Exit mobile version