മരക്കൊമ്പ് മുറിക്കാൻ മരത്തിന് മുകളിൽ കയറി യുവാവ് അബോധാവസ്ഥയിലായി; മരത്തിൽ കെട്ടിയിട്ട് രക്ഷിച്ച് നാട്ടുകാർ

പട്ടാഴി: മരക്കൊമ്പ് മുറിക്കാനായി മരത്തിന് മുകളിൽ കയറി യുവാവ് അബോധവസ്ഥയിലായെങ്കിലും രക്ഷകരായി നാട്ടുകാരെത്തിയതോടെ രക്ഷപ്പെട്ടത് ഒരു ജീവൻ. മരക്കൊമ്പ് മുറിക്കാനായി മരത്തിനു മുകളിൽ കയറി അബോധാവസ്ഥയിലായ ആളെ നാട്ടുകാരും അഗ്‌നിശമന സേനയും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

കുന്നിട സ്വദേശി പ്രദീപി(40)നെയാണ് സമയോചിതമായ ഇടപെടലിൽ നാട്ടുകാർ രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ 10.30നു പട്ടാഴി വടക്കേക്കര ഏറത്തു വടക്ക് സ്‌കൂളിനു മുന്നിൽ ലീന ഭവനിൽ ശശിധരൻ നായരുടെ പുരയിടത്തിലെ കൂറ്റൻ ആഞ്ഞിലി മരത്തിൽ കയറിയപ്പോഴാണ് സംഭവം.

മരത്തിൽ കയറി ഒരു ശിഖരം മുറിച്ചയുടനെ പ്രദീപ് അസ്വസ്ഥത അനുഭവപ്പെട്ട് അബോധാവസ്ഥയിൽ ആകുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഉടൻ സമീപവാസികളായ അജിയും ബാബുവും മരത്തിൽ കയറി തുണി കൊണ്ട് പ്രദീപിനെ മരത്തിൽ കെട്ടിയിട്ടു. തുടർന്ന് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് അഗ്‌നിശമന സേനയെത്തിയാണ് പ്രദീപിനെ താഴെയിറക്കിയത്.

Exit mobile version