കെ സുരേന്ദ്രന് പിന്തുണ: പിസി ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടിയില്‍ കൂട്ട രാജി, 60ഓളം പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് പിന്തുണ നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പിസി ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടിയില്‍ കൂട്ട രാജി. പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് പിഡി ജോണെന്ന കുഞ്ഞുമോന്‍ പവ്വത്തിലിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരുടെ രാജി.

രാജി വെച്ച 60ഓളം പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു. ഇവര്‍ക്ക് മുണ്ടക്കയം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെജെ തോമസിന്റെ നേതൃത്വത്തില്‍
സ്വീകരണം നല്‍കി. പാര്‍ട്ടിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് ആന്റണി മാര്‍ട്ടിന്‍ അടക്കമുളളവരും സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നീക്കം ആരംഭിച്ചതായും സൂചനയുണ്ട്.

നേരത്തെ പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പിസി ജോര്‍ജ് പിന്നീട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് പിന്തുണ നല്‍കുകയായിരുന്നു. ബിജെപി പിന്തുണ തന്നാല്‍ സ്വീകരിക്കുമെന്നും ബിജെപിയെ മോശം പാര്‍ട്ടിയായി കാണുന്നില്ലെന്നും പിസി ജോര്‍ജ് മുമ്പ് പ്രതികരിച്ചിരുന്നു.

പിന്നീടാണ് കെ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചത്. മുമ്പ് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പിന്നീട് കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു.

Exit mobile version