കൃഷി ചെയ്യാന്‍ വെള്ളമില്ല, നെല്‍ കതിരിന് ശേഷക്രിയ നടത്തി; വേറിട്ട പ്രതിഷേധവുമായി പാലക്കാട്ടെ നെല്‍കര്‍ഷകര്‍

പാലക്കാട് ചുണ്ണാമ്പ് തറയിലെ ജലവിഭവ വകുപ്പ് ഓഫീസിന് മുന്നിലാണ് കര്‍ഷകര്‍ നെല്‍ക്കതിരിന് ശേഷക്രിയ ചെയ്ത് പ്രതിഷേധിച്ചത്

പാലക്കാട്: കൃഷി ചെയ്യാന്‍ ആവശ്യത്തിന് വെള്ളമില്ലാത്തതില്‍ പ്രതിഷേധിച്ച് നെല്‍ കതിരിന് ശേഷക്രിയ നടത്തി കര്‍ഷകരുടെ പ്രതിഷേധം. പാലക്കാട് ജലവിഭവ വകുപ്പ് ഓഫീസിന് മുന്നിലാണ് വേറിട്ട പ്രതിഷേധവുമായി കര്‍ഷകര്‍. മലമ്പുഴ ഡാമില്‍ നിന്നും കര്‍ഷകര്‍ക്ക് വെള്ളം നല്‍കാതെ കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കിലേക്ക് വെള്ളം കൊണ്ടു പോകാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് പാലക്കാട്ടെ നെല്‍കര്‍ഷകര്‍ ഇത്തരത്തിലൊരു സമരം നടത്തിയത്.

പാലക്കാട് ചുണ്ണാമ്പ് തറയിലെ ജലവിഭവ വകുപ്പ് ഓഫീസിന് മുന്നിലാണ് കര്‍ഷകര്‍ നെല്‍ക്കതിരിന് ശേഷക്രിയ ചെയ്ത് പ്രതിഷേധിച്ചത്. കഞ്ചിക്കോട് വ്യവസായ പാര്‍ക്കിലേക്ക് വെള്ളമെത്തിക്കുന്നതിന്റെ ഭാഗമായി മലമ്പുഴ ഡാമില്‍ നിന്നും പാടശേഖരങ്ങളിലേക്ക് വെള്ളം നല്‍കുന്നത് ജല വിഭവ വകുപ്പ് കുറച്ചിരുന്നു. ഇതോടെ കര്‍ഷകരുടെ കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വെള്ളമാണ് നഷ്ടമായത്.

തങ്ങളുടെ പാടശേഖരങ്ങളിലേക്ക് കൂടുതല്‍ ദിവസം വെള്ളം തുറന്ന് വിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. വ്യവസായത്തിന് നല്‍കുന്ന വെള്ളത്തിന്റെ കണക്ക് പുറത്ത് വിടണമെന്നും മലമ്പുഴ ഡാമില്‍ നിന്നും കിന്‍ഫ്ര പാര്‍ക്കിലേക്കുള്ള പൈപ്പ് ലൈന്‍ പദ്ധതി നടപ്പിലാവുന്നതോടെ വെള്ളം കിട്ടാതെ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നും കര്‍ഷകര്‍ പറഞ്ഞു. സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

Exit mobile version