‘ചത്തു, ജനനം ആഗസ്റ്റ് 28, മരണം മെയ് 2 രാവിലെ 10.30ന്’; തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തിന് പിന്നാലെ പിസി ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഈരാറ്റുപേട്ടയില്‍ പോസ്റ്ററുകള്‍

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ പിസി ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഈരാറ്റുപേട്ടയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പിസി ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററിന് മുകളിലായി ജനന തിയ്യതിയും മരണ തിയ്യതിയും ഒട്ടിച്ചുവെച്ച നിലയിലായിരുന്നു.

പിസി ജോര്‍ജിന്റെ ജനന തിയ്യതിയും വോട്ടെണ്ണല്‍ ദിനമായ ഇന്ന മരണതിയ്യതിയായും നല്‍കിയാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. ഫ്‌ളക്‌സില്‍ ഒപ്പം നേര് എന്നുള്ളിടത്ത് ‘ചത്തു’ എന്നും മാറ്റി എഴുതിയിട്ടുണ്ട്. ഫ്ളക്സിലെ പിസിയുടെ മുഖം കരി ഉപയോഗിച്ച് വികൃതമാക്കിയിട്ടുണ്ട്.

ഇതിന് പുറമേ ‘നമ്മള്‍ ഈരാറ്റുപേട്ടക്കാര്‍’എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും പിസി ജോര്‍ജിനെതിരെ പോസ്റ്റര്‍ ഉണ്ട്. ഒരാളെ സംസ്‌ക്കരിക്കുമ്പോള്‍ ചൊല്ലുന്ന വചനങ്ങളാണ് ക്യാപ്ഷനായി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് പിസി നേരിട്ടുകൊണ്ടിരിക്കുന്നത്.

നിലവില്‍ 5177 വോട്ടിനു പിന്നിലാണ് പിസി ജോര്‍ജ്. അവസാന റൗണ്ടുകളില്‍ പ്രതീക്ഷിച്ച ലീഡ് പിസി ജോര്‍ജിന് ലഭിച്ചില്ല. മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെയുള്ള മൂന്ന് പഞ്ചായത്തുകളില്‍ നിന്നും കാര്യമായ ലീഡ് ലഭിക്കുമെന്ന് പ്രതീക്ഷയില്ല.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്.

2016 ല്‍ പൂഞ്ഞാറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് മൂന്ന് മുന്നണികളെയും പിന്നിലാക്കിയായിരുന്നു പിസി ജോര്‍ജ് ജയിച്ചത്. എന്നാല്‍ ഇപ്പോള്‍ 40 വര്‍ഷമായി കൊണ്ടു നടന്ന പൂഞ്ഞാര്‍ മണ്ഡലം പിസി ജോര്‍ജിനെ കൈവിടുന്ന കാഴ്ചയാണ് കാണുന്നത്.

Exit mobile version