എന്ത് കഴിക്കും? എപ്പോള്‍ കഴിക്കും? ഭക്ഷണകാര്യത്തില്‍ സ്ത്രീകള്‍ക്ക് വേണം കൂടുതല്‍ ശ്രദ്ധ

ആഹാരം കഴിക്കുന്ന കാര്യത്തില്‍ പൊതുവേ നിയന്ത്രണമോ, ശ്രദ്ധയോ ഒന്നുമില്ലാത്തവരായിരിക്കും നമ്മളില്‍ ഭൂരിഭാഗം ആള്‍ക്കാരും. എന്ത് ആഹാരം കഴിക്കുന്നു? അത് എപ്പോള്‍ കഴിക്കുന്നു? ആരോഗ്യത്തിന് ഉത്തമമാണോ കഴിക്കുന്ന ഭക്ഷണം? എന്നൊന്നും നാം പലപ്പോഴും ചിന്തിക്കാറു പോലുമുണ്ടാവില്ല. ഇത്തരത്തിലുള്ള ഭക്ഷണ രീതി പിന്തുടരുന്നത് ആരോഗ്യത്തിന് എട്ടിന്റെ പണി തരാന്‍ സാധ്യത ഇരട്ടിയാക്കുന്നു.

ജോലിത്തിരക്കും, വീട്ടിലെ ജോലിഭാരവും എല്ലാം കാരണം പൊതുവേ സ്ത്രീകള്‍ക്ക് ഭക്ഷണം കഴിക്കുന്ന സമയത്തില്‍ കാര്യമായ ശ്രദ്ധകൊടുക്കാന്‍ കഴിയാറില്ല. ചിലപ്പോള്‍ രാവിലെ കഴിക്കേണ്ട ഭക്ഷണം ഉച്ചയ്ക്കും ഉച്ചയ്ക്ക് കഴിക്കേണ്ടത് രാത്രിയുമൊക്കെയായിട്ടായിരിക്കും കഴിക്കുക. ഇത് പൊതുവേ സ്ത്രീകളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു.

പ്രഭാത ഭക്ഷണം തലച്ചോറിന്റെ ആരോഗ്യത്തെ സ്വാധീനിക്കുമ്പോള്‍ ഉച്ചഭക്ഷണം ഹൃദയത്തിന്റെ ആരോഗ്യത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. വൈകി ഉച്ചഭക്ഷണം കഴിക്കുന്ന ശീലം ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകുന്നു. എന്നാല്‍ കൃത്യ സമയത്ത് ഉച്ച ഭക്ഷണം കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്.

രാത്രികാലങ്ങളില്‍ വൈകി കലോറി കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് സ്ത്രീകളില്‍ ഹൃദോഗത്തിനുളള സാധ്യത കൂട്ടുമെന്ന് പുതിയൊരു പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ ഭക്ഷണം കഴിക്കുന്ന സമയവും ആരോഗ്യവും വെച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. വൈകി ഭക്ഷണം കഴിക്കുന്നവരില്‍ ഹൃദയവുമായി ബന്ധപ്പെട്ട് പല രോഗങ്ങളും കണ്ടെത്തിയതായും ഗവേഷകര്‍ പറയുന്നു.

നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം ശീലമാക്കുന്നതിനൊപ്പം കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും ശീലമാക്കുക. ഇത് വഴി നമുക്ക് പല രോഗങ്ങളെയും അകറ്റാം. നമ്മുടെ ആരോഗ്യം നമ്മള്‍ വേണം സംരക്ഷിക്കാനെന്ന കാര്യം മറക്കരുത്.

Exit mobile version