കോഴിക്കോട് ജില്ലയുടെ ഭൂപടം വൈറസ് സിനിമയില്‍ ഉപയോഗിച്ചു; ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷമ ചോദിക്കുന്നെന്ന് റിമയും ആഷിക്ക് അബുവും

ഫേസ്ബുക്കിലൂടെയാണ് ആഷിഖ് അബുവും റിമയും മാപ്പ് പറഞ്ഞത്.

വൈറസ് സിനിമയില്‍ കടപ്പാട് വെയ്ക്കാതെ കോഴിക്കോട് ജില്ലയുടെ ഭൂപടം ഉപയോഗിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് സംവിധായകന്‍ ആഷിക്ക് അബുവും നിര്‍മ്മാതാവ് റിമ കല്ലിങ്കലും. ഫേസ്ബുക്കിലൂടെയാണ് ആഷിഖ് അബുവും റിമയും മാപ്പ് പറഞ്ഞത്.

കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന ജൈസണ്‍ നെടുമ്പാല നിര്‍മ്മിച്ച് വിക്കിമീഡിയ കോമണ്‍സില്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രസിദ്ധപ്പെടുത്തിയ ജില്ലയുടെ ഭൂപടം സിനിമയില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിലൂടെയാണ് കാണിച്ചിരിക്കുന്നത്.

വിക്കിമീഡീയ കോമണ്‍സിലുള്ള ചിത്രം ഉപയോഗിച്ചാണ് മാപിന്റെ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് നിര്‍മ്മിച്ചതെന്നും ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സിനെക്കുറിച്ചുള്ള ധാരണക്കുറവ് മൂലവുമാണ് ഈ പിഴവ് സംഭവിച്ചിട്ടുള്ളത് എന്നും റിമയും ആഷിക്കും പറയുന്നു. അതുകൊണ്ടുതന്നെ ജൈസണ്‍ നെടുമ്പാലയോട് ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷമ ചോദിക്കുകയും ആ ചിത്രത്തിനുള്ള ആട്രിബ്യൂഷന്‍ അദ്ദേഹത്തിനാണെന്ന് അറിയിക്കുകയും ചെയ്യുന്നു എന്ന് ഇരുവരും ഫേസ്ബുക്കില്‍ കുറിച്ചു.

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ് പ്രവര്‍ത്തകനും വിക്കിപ്പീഡിയനുമാണ് ഇപ്പോള്‍ ചുങ്കത്തറ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയായ ജൈസണ്‍ നെടുമ്പാല. മാപ്പിങ് രംഗത്തും വിക്കിപ്പീഡിയ, മലയാളം കമ്പ്യൂട്ടിങ് എന്നീ രംഗത്തും പ്രശസ്തനാണ് ജൈസണ്‍. 2018 ഡിസംബറില്‍ കമ്യൂണിറ്റി പങ്കാളിത്തത്തോടെ നടത്തിയ കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തിന്റെ ഭൂപടനിര്‍മ്മിച്ച് ജൈസണ്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Exit mobile version