വൈറലായ ആ ‘പടുപാട്ടിന്റെ’ ഈണം രശ്മി സതീഷിന്റേതല്ല, ഹിമയുടേത്; പ്രശസ്തിക്ക് വേണ്ടി ഈണം രശ്മിയുടേതെന്ന് രചയിതാവ് കണ്ണന്‍ സിദ്ധാര്‍ത്ഥിന്റെ കള്ളസാക്ഷ്യം; വിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

ഹിമയുടെ ആരോപണത്തിന് കരുത്തേകി മുമ്പത്തെ സോഷ്യല്‍മീഡിയ പോസ്റ്റുകളും ഒപ്പം ഈ ഗാനം ആല്‍ബമായി ഇറങ്ങുന്നതിനു മുമ്പ് തന്നെ ഈ ഗാനത്തോടൊപ്പം സഞ്ചരിച്ചിട്ടുള്ള ഒരുപറ്റം നാടക പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

തൃശ്ശൂര്‍: സോഷ്യല്‍മീഡിയയില്‍ വളരെ പെട്ടെന്ന് വൈറലായ ഗായിക രശ്മി സതീഷിന്റെ രെസ ബാന്റിന്റെ ‘പടുപാട്ട്’ ആല്‍ബത്തെ ചൊല്ലി വിവാദം കൊഴുക്കുന്നു. ഈ ഗാനത്തിന്റെ വരികള്‍ക്ക് താന്‍ നല്‍കിയ ഈണം തന്റെ അനുമതിയില്ലാതെ രശ്മി സതീഷ് ഉപയോഗിച്ചെന്നാണ് നാടകപ്രവര്‍ത്തകയും ഗായികയുമായ ഹിമ ഷിന്‍ജോയുടെ ആരോപണം. ഹിമയുടെ ആരോപണത്തിന് കരുത്തേകി മുമ്പത്തെ സോഷ്യല്‍മീഡിയ പോസ്റ്റുകളും ഒപ്പം ഈ ഗാനം ആല്‍ബമായി ഇറങ്ങുന്നതിനു മുമ്പ് തന്നെ ഈ ഗാനത്തോടൊപ്പം സഞ്ചരിച്ചിട്ടുള്ള ഒരുപറ്റം നാടക പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ഈ ഗാനം താന്‍ രചിക്കുമ്പോള്‍ തന്നെ മനസിലുണ്ടായിരുന്ന ഈണത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നും പാട്ടിന്റെ ഈണത്തില്‍ ഹിമ ഷിന്‍ജോയ്ക്ക്‌ പങ്കില്ലെന്നുമാണ് ഗാനം രചിച്ച കണ്ണന്‍ സിദ്ധാര്‍ത്ഥിന്റെ വാദം. ഗാനം രശ്മി സതീഷ് തന്നെ ചിട്ടപ്പെടുത്തിയതാണെന്നും കണ്ണന്‍ വാദിക്കുന്നു.

എന്നാല്‍ രശ്മി സതീഷ് ഈ ഈണം ഉപയോഗിച്ച് ആല്‍ബം ഇറക്കിയതില്‍ തെറ്റില്ലെന്ന കണ്ണന്‍ സിദ്ധാര്‍ത്ഥിന്റെ വാദത്തെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പോലും അംഗീകരിക്കുന്നില്ല. ഈ വരികള്‍ ആദ്യമായി തങ്ങള്‍ കേള്‍ക്കുന്നത് തന്നെ ഹിമ ഷിന്‍ജോയുടെ ശബ്ദത്തിലാണെന്നും, ‘പടുപാട്ട്’ ആല്‍ബം രൂപത്തില്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നതിനും മുന്‍പെ, ഹിമ പാടിയ ഈ ഗാനത്തിന്റെ വരികള്‍ വാട്‌സ്ആപ്പിലൂടെ വൈറലായിരുന്നെന്നും തങ്ങളുടെയെല്ലാം പക്കലുണ്ടായിരുന്നെന്നാണ് ഒരു കൂട്ടം നാടകപ്രവര്‍ത്തകര്‍ തെളിവു സഹിതം സാക്ഷ്യപ്പെടുത്തുന്നത്.

ഈ വിഷയത്തില്‍ കുട്ടികളുടെ നാടകസംഘമായ രാരംഗിന്റെ പ്രവര്‍ത്തകനും ഹിമയുടേയും കണ്ണന്‍ സിദ്ധാര്‍ത്ഥിന്റേയും സുഹൃത്തുമായ മനോജ് കൊടുങ്ങല്ലൂര്‍ വ്യക്തമായ കുറിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ കണ്ണന്‍ സിദ്ധാര്‍ത്ഥ് പറയുന്നത് കള്ളമാണെന്നും കണ്ണന് തെറ്റുപറ്റിയെന്നും മനോജ് വിശദീകരിക്കുന്നു. ഹിമയെ പ്രശസ്തിക്കും കോപ്പി റൈറ്റ് പ്രശ്‌നങ്ങളുടേയും പേരില്‍ ഈ ഘട്ടത്തില്‍ കണ്ണന്‍ സിദ്ധാര്‍ത്ഥ് മനഃപൂര്‍വ്വം പരിഗണിക്കാതിരിക്കുകയാണെന്നും മനോജ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്. വ്യക്തമായി ആലോചിച്ചാല്‍ കണ്ണന്‍ സിദ്ധാര്‍ത്ഥിന് തന്നെ മുമ്പത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കാമെന്നും ഹിമയ്ക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

2018-ല്‍ കണ്ണന്‍ സിദ്ധാര്‍ത്ഥ് എഴുതി രാരംഗിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ട പടുപാട്ടിന്റെ ആദ്യവരികള്‍ക്ക് കണ്ണന്റെ തന്നെ നിര്‍ദേശാനുസരണമാണ് അതേ ഗ്രൂപ്പിലംഗമായിരുന്ന ഹിമ ഈണം നല്‍കിയത്. പിന്നീട് കൂടുതല്‍ വരികള്‍ കണ്ണന്‍ എഴുതുകയും ഹിമ തന്നെ ഈണം നല്‍കി പാടി വാട്‌സ്ആപ്പിലൂടെ തന്നെ തിരിച്ചയയ്ക്കുകയുമായിരുന്നു. ഇത് സോഷ്യല്‍മീഡിയയിലൂടെ വളരെ വേഗം പ്രചരിക്കുകയും വലിയ പ്രശംസകള്‍ നേടുകയും ചെയ്തു. മഹാരാജാസ് കോളേജിലെ തെരഞ്ഞെടുപ്പ് സമയത്ത് ശ്രീലക്ഷ്മി എന്ന വിദ്യാര്‍ത്ഥിനി ഈ ഗാനം ആലപിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതും ഏറെ വൈറലായിരുന്നു. ഇതിനു പിന്നാലെ കണ്ണന്‍ സിദ്ധാര്‍ത്ഥ് ഈ ഗാനം ഹിമയെ കൊണ്ട് പാടിച്ച് റെക്കോര്‍ഡ് ചെയ്ത് പ്രസിദ്ധപ്പെടുത്താനും ആഗ്രഹിച്ചിരുന്നു. ഇക്കാര്യം വിശദീകരിച്ച് കണ്ണന്‍ പോസ്റ്റ് ചെയ്ത സോഷ്യല്‍മീഡിയ കുറിപ്പ് ഇതിന് തെളിവായും ഉണ്ട്. ഈ ഗാനം ഹിമ തന്നെ പാടി ഫേസ്ബുക്കില്‍ വിശദമായ കുറിപ്പോടെ പോസ്റ്റ് ചെയ്യുകയും വലിയ റീച്ച് ലഭിച്ചതുമാണ്.

പിന്നീട് ഈ ഗാനം പലവഴികളിലൂടെ തരംഗമായി സഞ്ചരിച്ച് രശ്മി സതീഷിന്റെ പക്കലും എത്തുകയായിരുന്നു. തുടര്‍ന്ന് ഗാനത്തിന്റെ രചയിതാവായ കണ്ണന്‍ സിദ്ധാര്‍ത്ഥിനെ രശ്മി സമീപിക്കുകയും രാരംഗ് സാരഥികളുടെയൊക്കെ സമ്മതത്തോടെ തന്നെ ഗാനം രശ്മി പാടി ആല്‍ബമായി ഇറക്കുകയുമായിരുന്നു. എന്നാല്‍ ഇറങ്ങിക്കഴിഞ്ഞാണ് രശ്മി സതീഷ് ഈണത്തില്‍ മാറ്റമൊന്നും വരുത്തിയില്ലെന്നത് എല്ലാവരുടേയും ശ്രദ്ധയില്‍ പെടുന്നത്. ഹിമ ട്യൂണ്‍ ചെയ്ത അതേ ഈണവും താളവും രശ്മി ഉപയോഗിക്കുമെന്ന് തങ്ങളാരും കരുതിയിരുന്നില്ല. അഥവാ അങ്ങനെ ചെയ്യുകയാണെങ്കില്‍ ഹിമയ്ക്ക് കടപ്പാട് വെയ്‌ക്കേണ്ടതാണെന്നും അവരെ അംഗീകരിക്കുക തന്നെ വേണമായിരുന്നെന്നും മനോജ് കൊടുങ്ങല്ലൂര്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നു. ഏതായാലും വിഷയത്തില്‍ വലിയ ചര്‍ച്ചയാണ് സോഷ്യല്‍മീഡിയയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

Exit mobile version