‘മഞ്ഞുമ്മൽ ബോയ്‌സിന് കേരളത്തിൽ പോലുമില്ലാത്ത സ്വീകാര്യത തമിഴ്‌നാട്ടിൽ എന്തിനാണ്? പറയുന്ന അത്രയൊന്നുമില്ല’; ചിത്രത്തെ വിമർശിച്ച് മലയാള നടി

ഹൈപ്പില്ലാതെ റിലീസായി വൻ ഹൈപ്പിൽ പ്രേക്ഷകർക്കിടയിൽ നിറഞ്ഞുനിൽക്കുന്ന മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് എതിരെ വിമർശനവുമായി മലയാളി നടി മേഘ. തന്റെ പുതിയ തമിഴ്ചിത്രത്തിന്റെ റിലീസ് ദിനത്തിലാണ് താരം മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് തമിഴ്‌നാട്ടിൽ കിട്ടുന്ന സ്വീകരണത്തെ വിമർശിച്ചത്.

കേരളത്തിലുള്ളതിനേക്കാൾ ചിത്രത്തിന് തമിഴ്‌നാട്ടിൽ ആഘോഷിക്കപ്പെടുന്നതിനെ ചോദ്യം ചെയ്ത നടി താനൊരു മലയാളിയാണെന്നും കേരളത്തിൽ മഞ്ഞുമ്മൽ ബോയ്‌സിന് ഇത്രയും സ്വീകാര്യത ലഭിക്കുന്നില്ലെന്നും പറഞ്ഞു.

തമിഴ്‌നാട്ടിൽ എന്തുകൊണ്ടാണ് ചിത്രം ഇത്രയധികം ആഘോഷിക്കുന്നതെന്ന് മനസിലാകുന്നില്ല. മഞ്ഞുമ്മൽ ബോയ്‌സ് താൻ കണ്ടു. പുറത്തെ പ്രതികരണം പോലെ അത്ര തൃപ്തികരമായി തോന്നിയില്ലെന്നും താരം തന്റെ തമിഴ് ചിത്രമായ ‘അരിമാപ്പട്ടി ശക്തിവേലി’ന്റെ പ്രദർശനത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

‘ചെറിയ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് നല്ലതാണ്. എന്നാൽ ഒരാളൊരു ഹെപ്പ് കൊടുത്താൽ വരുന്നവരെല്ലാം സിനിമയെ വെറുതെ പ്രശംസിക്കുകയാണ്. ഇത്രത്തോളം ഹൈപ്പ് കൊടുക്കാൻ അതിൽ എന്താണ് ഉള്ളതെന്നും മനസിലാകുന്നില്ല.’- എന്നും മേഘ പറയുന്നു.

അതേസമയം, നടിയുടെ കൂടെയുണ്ടായിരുന്ന അരിമാപ്പട്ടി ശക്തിവേലിന്റെ സംവിധായകൻ മഞ്ഞുമ്മൽ ബോയ്‌സിനെ പ്രശംസിക്കുകയാണ് ചെയ്തത്. മഞ്ഞുമ്മൽ ബോയ്‌സിൽ ഇമോഷൻസ് കണക്ട് ആകുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം, നടി മേഘയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരത്തിന് നേരെ കടുത്ത വിമർശനവുമായി സിനിമാപ്രേമികളുമെത്തി. നല്ലചിത്രമായതുകൊണ്ടാണ് മഞ്ഞുമ്മൽ ബോയ്‌സ് സ്വീകരിക്കപ്പെടുന്നതെന്ന് ആരാധകർ നാടിയെ ഓർമ്മിപ്പിച്ചു. 25 കോടിയുമായി മഞ്ഞുമ്മൽ ബോയ്‌സ് തിമിഴ്‌നാട്ടിൽ പ്രദർശനം തുടരുകയാണ്. 129 കോടിയാണ് ഇതുവരെ രേഖപ്പെടുത്തിയ ആഗോള കളക്ഷൻ.

ALSO READ- കാര്യവട്ടം ക്യാംപസിനുള്ളിലെ അസ്ഥികൂടം; അവിനാശ് ആനന്ദ് ഒരുമാസം ഹോട്ടലിൽ താമസിച്ചിരുന്നെന്ന് ഉടമ; ഡിഎൻഎയിൽ പ്രതീക്ഷ അർപ്പിച്ച് പോലീസ്

2017 റിലീസ് ചെയ്ത ചിത്രമായ ഉരുതിക്കോലിലൂടെയാണ് മേഘ വെള്ളിത്തിരയിൽ എത്തിയത്. ബൈരി, ഐപിസി 376 എന്നിവയാണ് നടി പ്രധാനവേഷത്തിലെത്തിയ ചിത്രങ്ങൾ

Exit mobile version