’42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല, ഇവരുടെ ധൈര്യത്തിലാ നമ്മൾ നിൽക്കുന്നത്’; പ്രേക്ഷകരോട് മമ്മൂട്ടി

തനിക്ക് മലയാള സിനിമാപ്രേക്ഷകർ നൽകുന്ന പിന്തുണയെ കുറിച്ച് വാചാലനായി നടൻ മമ്മൂട്ടി. പ്രേക്ഷകർ നൽകുന്ന സ്നേഹത്തിലും ധൈര്യത്തിലാണ് താൻ ഇവിടെ നിൽക്കുന്നതെന്നും നാൽപ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകർ കൂടെയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. അവർ ഇനിയും തന്നെ കൈവിടില്ലെന്ന വിശ്വാസവും അദ്ദേഹം പങ്കിട്ടു.

പുതിയ ചിത്രമായ ടർബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി ഇക്കാര്യം പറയുന്നത്.”ഇവരുടെ ധൈര്യത്തിലാ നമ്മൾ നിൽക്കുന്നത്. 42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല”, എന്നാണ് താരം വിഡിയോയിൽ പറയുന്നത്.

ഈ സിനിമയിൽ രണ്ട് ആളുകളുടെ അനുഭവമാണ് പറയുന്നതെന്നും യഥാർഥത്തിൽ നടന്ന ഒരു തട്ടിപ്പിന്റെ കഥയുണ്ട്. അതിപ്പോഴും നടക്കുന്ന, ഇനിയും നടക്കാൻ സാധ്യതയുള്ള തട്ടിപ്പാണെന്നും മമ്മൂട്ടി വിശദീകരിക്കുന്നു.

നമ്മൾ പലതും അറിയുന്നില്ലെന്നേ ഒള്ളൂ. ഈ സിനിമയുടെ കഥയുടെ ആധാരം ജോസിനു പറ്റുന്ന ഒരു കയ്യബദ്ധമാണ്. ജോസ് ഒരു മാസ് ഹീറോയല്ല, ജോസ് നിഷ്‌കളങ്കനാണ്. എന്തുകണ്ടാലും ചാടിയിറങ്ങുന്ന ഒരു പാവത്താൻ. ഇടിക്കാൻ വേണ്ടിയുള്ള ഇടിയല്ല. ഇടികൊള്ളാതിരിക്കാനുള്ള ഇടിയാണ് സിനിമയിലുള്ളത്.

കഥയുടെ ഒരു ഒരുപാട് ഭാഗങ്ങൾ തമിഴ്നാട്ടിലാണ് സംഭവിക്കുന്നത്. തമിഴ് കഥാപാത്രങ്ങളും ഒരുപാട് വന്നുപോകുന്നുണ്ട്. തെലുങ്ക് താരങ്ങളും ഒരുപാടുണ്ട്. യഥാർഥ ജീവിതത്തിൽ സംഭവിച്ച ഒന്നു രണ്ട് സംഭവങ്ങൾ സിനിമയിൽ ചേർത്തിട്ടുണ്ട്.

മമ്മൂട്ടി കമ്പനിയുടെ ചെലവേറിയ സിനിമയാണിത്. കുറച്ചൊക്കെ പോയിട്ടും കുറച്ച് കിട്ടിയിട്ടുണ്ട്. എല്ലാം കൂടെ ചുരുട്ടി കൂട്ടി ഇതിൽ ഇട്ടിരിക്കുകയാണ്. ഇതിനു മുടക്കിയത് വന്നാൽ, അടുത്തതിനിറങ്ങാം. ഇവരുടെ ധൈര്യത്തിനാണ് നമ്മൾ ഇറങ്ങിയിരിക്കുന്നത്. 42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല.- മമ്മൂട്ടി പറയുന്നു.

ALSO READ- ഭക്ഷണം കാറിലേക്കെത്തിച്ചു നല്‍കിയില്ല, ഹോട്ടലുടമയെ ക്രൂരമായി മര്‍ദിച്ച് സംഘം, ഹോട്ടലും അടിച്ചുതകര്‍ത്തു, കേസ്

സിനിമ 120 ദിവസത്തോളം ചിത്രീകരണം നടത്തിയിട്ടുണ്ട്. അതിൽ കൂടുതലും ആക്ഷനായിരുന്നു. എന്തെങ്കിലും തട്ടുകേടുവന്നാൽ കാത്തോളണം. കാർ ചേസിങ് രംഗമെല്ലാം പുറത്തുപോയാണ് എടുത്തത്. നല്ല ചെലവായിരുന്നു. എന്റെ കമ്പനിയാണെങ്കിൽ കൂടി ഞാൻ ജോലി ചെയ്യുമ്പോൾ പ്രതിഫലം വാങ്ങണമെന്നാണ് കണക്ക്. അതുകൊണ്ട് എന്റെ ശമ്പളം എഴുതിയെടുത്തേ പറ്റൂ. അതിന് നികുതിയും നൽകണം- മമ്മൂട്ടി വിശദീകരിക്കുന്നു.

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടർബോ’. ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്.

Exit mobile version