ആരുടേയും വികാരം വ്രണപ്പെടുത്താൻ ‘അന്നപൂരണി’ ഉദ്ദേശിച്ചില്ല; ‘ജയ് ശ്രീറാം’ തലക്കെട്ടിൽ മാപ്പ് അപേക്ഷയുമായി നയൻതാര

നെറ്റ്ഫ്‌ളിക്‌സ് നീക്കം ചെയ്യുകയും വലിയ രീതിയിൽ വിവാദമാവുകയും ചെയ്ത തമിഴ് ചിത്രം അന്നപൂരണിയുടെ പേരിൽ ഖേദം പ്രകടിപ്പിച്ച് നടി നയൻതാര. നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത തമിഴ് ചിത്രം അന്നപൂരണിയിൽ ശ്രീരാമനെ അപഹസിക്കുന്ന പരാമർശമുണ്ടെന്ന വിവാദത്തിലാണ് നായികയായ നയൻസിന്റെ മാപ്പ് പറച്ചിൽ.

ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ ജയ്ശ്രീറാം എന്ന തലക്കെട്ടിൽ നൽകിയ പോസ്റ്റിലൂടെയാണ് നയൻതാര ഖേദം പ്രകടിപ്പിച്ചത്. താൻ എല്ലാ മതങ്ങളേയും ആദരിക്കുന്ന വ്യക്തിയാണെന്നും തന്റെ പ്രവൃത്തി ബോധപൂർവമല്ലെന്നും നയൻതാര പറയുന്നു. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും നയൻതാര വിശദീകരിച്ചു.

അന്നപൂരണി എന്ന തന്റെ സിനിമ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചാവിഷയമായതിനെക്കുറിച്ചാണ് ഈ പ്രസ്താവന നടത്തുന്നത്. ഏറെ ഹൃദയഭാരത്തോടെയും ആത്മാഭിമാനത്തോടെയുമാണ് ഈ കുറിപ്പെഴുതുന്നത്. ‘അന്നപൂരണി’ എന്ന സിനിമയെടുത്തത് വെറുമൊരു കച്ചവട ലക്ഷ്യത്തോടെയല്ല. അതിലുപരി ഒരു നല്ല ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമായാണെന്നും താരം വിശദീകരിക്കുന്നുണ്ട്.

ALSO READ- മഹാരാജാസ് കോളേജിലെ സംഘര്‍ഷം; കെഎസ്‌യു പ്രവര്‍ത്തകന്‍ അറസ്റ്റില്‍, ചുമത്തിയത് വധ ശ്രമമടക്കം ഒന്‍പത് വകുപ്പുകള്‍

‘അന്നപൂരണിയിലൂടെ ഒരു പോസിറ്റീവ് സന്ദേശം പകരാൻ ഞങ്ങൾ ആഗ്രഹിച്ചെങ്കിലും അത് ചിലരുടെ മനസ്സിനെ വേദനിപ്പിച്ചതായി തോന്നുന്നു, മനപൂർവമായിരുന്നില്ല അത്. സെൻസർ ബോർഡ് അംഗീകരിച്ച സിനിമ ഒടിടിയിൽ നീക്കം ചെയ്തത് അമ്പരപ്പിച്ചെന്നും നയൻതാരയുടെ കുറിപ്പിലുണ്ട്.

‘എല്ലാ ആരാധനാലയങ്ങളും സന്ദർശിക്കുന്ന ദൈവവിശ്വാസിയായ ഞാൻ ഒരിക്കലും മനഃപൂർവ്വം ഇത് ചെയ്യുമായിരുന്നില്ല. അതിനപ്പുറം, ഏതെങ്കിലും തരത്തിൽ നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം.’- നയൻതാരയുടെ നീണ്ട കുറിപ്പിൽ പറയുന്നു.

സിനിമയിലൂടെ ശ്രീരാമനെ മോശമായി ചിത്രീകരിച്ചു, ലവ് ജിഹാദ് പ്രോത്സാഹിപ്പിച്ചു, ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നൊക്കെ ആണ് ചിത്രത്തിനെതിരെ ഉയർന്ന ആരോപണം. ഇക്കാര്യം വിവാദമായതോടെ നെറ്റ്ഫ്‌ലിക്‌സ് ചിത്രം പിൻവലിച്ചിരുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നയൻതാര ഉൾപ്പെടെയുള്ളവർക്കെതിരെ കേസുമെടുത്തിരുന്നു.

Exit mobile version