‘അനുപമ സംസാരിക്കേണ്ട, ഇറങ്ങിപ്പോ!’; സിനിമയുടെ വിജയാഘോഷത്തിനെത്തിയ നടിയെ അധിക്ഷേപിച്ച് ഇറക്കിവിട്ട് ജൂനിയർ എൻടിആർ ആരാധകർ; വിമർശനം

മലയാളത്തിൽ നിന്നും തെലുങ്ക് സിനിമാലോകത്തേക്ക് എത്തിയ നടി അനുപമ പരമേശ്വരന് നിരവധി ഹിറ്റ് ചിത്രങ്ങളാണ് തെലുങ്ക് ഇൻഡസ്ട്രിയിലുള്ളത്. ഇപ്പോഴിതാ ഈ വർഷം തെലുങ്കിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ വൻ ബോക്‌സോഫീസ് ഹിറ്റായ സ്വന്തം ചിത്രം കാരണം തന്നെ താരത്തിന് വിഷമമുണ്ടായിരിക്കുകയാണ്.

തില്ല് സ്‌ക്വയർ എന്ന അനുപമ നായികയായ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ നടൻ ജൂനിയർ എൻടിആറിന്റെ ആരാധകർ അനുപമയെ അധിക്ഷേപിച്ചിരിക്കുകയാണ്. ഈ തചിത്രം 12 ദിവസം കൊണ്ട് 60 കോടി കളക്ഷനാണ് നേടിയത്.

സിദ്ദു ജൊന്നലഗദ്ദ നായകനായ ചിത്രത്തിന്റെ വിജയാഘോഷം നടക്കുന്നതിനിടെ വേദിയിലെത്തിയ നായികയായ അനുപമയെ ഇറക്കിവിടണമെന്ന് ജൂനിയർ എൻടിആറിന്റെ ആരാധകർ ആവശ്യപ്പെടുകയായിരുന്നു. നടി സംസാരിക്കുന്നതിനിടെ വേദിയിൽനിന്നിറങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു ആരാധകർ.

വിജയാഘോഷത്തിന് മുഖ്യാതിഥിയായി ജൂനിയർ എൻടിആർ എത്തിയിരുന്നു. അതുകൊണ്ട് തന്നെ ആദ്യം ജൂനിയർ എൻടിആർ സംസാരിക്കണമെന്ന് ആരാധകർ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ മൈക്ക് കൈയ്യിലെടുത്ത് സംസാരിക്കുന്ന അനുപമയെ ആരാധകർ തടസ്സപ്പെടുത്തി. അവതാരക അടക്കം പറഞ്ഞിട്ടും ആരാധകർ ശാന്തരായില്ല.

ALSO READ- ഹൈക്കോടതി വിധി വിചിത്രം; സുപ്രീംകോടതിയെ സമീപിക്കുമെന്ന് എം സ്വരാജ്; വിധിയിൽ സന്തോഷമെന്ന് കെ ബാബു

ഇതോടെ താൻ സംസാരിക്കണോ വേണ്ടയോ എന്ന് മൈക്കിലൂടെ അനുപമ ചോദിച്ചപ്പോൾ വേണ്ടെന്ന് പറഞ്ഞ് ബഹളം വെയ്ക്കുകയായിരുന്നു ആരാധകർ. കൂടാതെ ജൂനിയർ എൻടിആറിന്റെ വാക്കുകളാണ് തങ്ങൾക്ക് കേൾക്കേണ്ടതെന്ന് പറയുകയുംചെയ്തു. ഇതോടെ താൻ സംസാരിക്കുന്നില്ലെന്ന് പറഞ്ഞ അനുപമ, ജൂനിയർ എൻടിആർ, സംവിധായകൻ ത്രിവിക്രം എന്നിവർക്ക് നന്ദിപറഞ്ഞ് പിൻവാങ്ങി.

ഇതിന്റെ വീഡിയോ വൈറലായതോട, അനുപമയുടെ പക്വതയാർന്ന പെരുമാറ്റത്തിനെ പ്രശംസിക്കുന്നതിനോടൊപ്പം ആരാധകരുടെ അപക്വമായ പെരുമാറ്റത്തേയും വിമർശിക്കുകയാണ് സിനിമാപ്രേമികൾ.

Exit mobile version