നടൻ സെയ്ഫ് അലിഖാന് വൻതിരിച്ചടി, 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുത്തേക്കും

ഭോപ്പാല്‍: നടൻ സെയ്ഫ് അലിഖാന്റെ കുടുംബം കൈവശം വയ്ക്കുന്ന മധ്യപ്രദേശിലെ 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുത്തേക്കും. കോടികണക്കിന് രൂപയുടെ വസ്തു ശത്രുസ്വത്തായി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരായ സെയ്ഫ് അലിഖാന്റെ ഹര്‍ജി മധ്യപേദേശ് ഹൈക്കോടതി തള്ളി.

കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപര്‍ട്ടി വിഭാഗം 2014ലാണ് സെയ്ഫ് അലി ഖാനു നോട്ടീസ് നല്‍കിയത്. പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള വസ്തുക്കള്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ചായിരുന്നു നോട്ടീസ്.

എന്നാൽ 2015ല്‍ സെയ്ഫ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു.1968ലെ എനിമി പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം ഇന്ത്യ വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറിയവരുടെ സ്വത്തില്‍ സര്‍ക്കാരിന് നിയമപ്രകാരം അവകാശം ഉന്നയിക്കാം.

വിഭജനകാലത്ത് പാകിസ്ഥാനിലേക്ക് പോയി പൗരത്വം നേടിയവര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെയാണ് ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നത്.

ഭോപ്പാലില്‍ കൊഹേഫിസ മുതല്‍ ചിക്ലോദ് വരെ നീണ്ടുകിടക്കുന്നതാണ് ചരിത്രപ്രാധാന്യമുള്ള ഈ വസ്തുവകകള്‍.

Exit mobile version