ജയ് ഭീം സെറ്റില്‍ വച്ച് സൂര്യ സ്വര്‍ണ്ണമാല സമ്മാനിച്ചു; അപ്രതീക്ഷിത സമ്മാനത്തെ കുറിച്ച് ലിജോ മോള്‍

മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളത്തിലെത്തിയ നായികയാണ് ലിജോ മോള്‍. എന്നാല്‍ സൂര്യയുടെ ജയ് ഭീം ആണ് ലിജോ മോളെ പ്രശസ്തമാക്കിയത്. സെങ്കിനിയുടെ പ്രകടനം നിറഞ്ഞ കൈയ്യടികളാണ് നേടിയത്.

ജയ് ഭീം ചിത്രീകരണത്തിനിടെയുണ്ടായ അനുഭവങ്ങളെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ലിജോ മോള്‍. പുതിയ ചിത്രമായ വിശുദ്ധ മെജോയുടെ വിശേഷങ്ങള്‍ ക്ലബ് എഫ്എം സ്റ്റാര്‍ ജാമില്‍ പങ്കുവെയ്ക്കവേയാണ് ലിജോ ജയ് ഭീം അനുഭവങ്ങളും പറഞ്ഞത്.

ജയ് ഭീമിന്റെ ഷൂട്ടിംഗിനിടെ സൂര്യ തനിക്ക് സ്വര്‍ണ്ണമാല സമ്മാനിച്ച കഥയാണ് ലിജോ മോള്‍ പങ്കുവയ്ക്കുന്നത്. ‘സൂര്യ സിനിമയിലുണ്ടെന്ന് കുറേക്കഴിഞ്ഞാണ് സംവിധായകന്‍ ജ്ഞാനവേല്‍ സാര്‍ പറഞ്ഞത്. സെങ്കിനി എന്ന കഥാപാത്രത്തിന് സൂര്യയുടെ ചന്ദ്രുവുമായി ഒരുപാട് രംഗങ്ങളുണ്ട്. സൂര്യയാണ് നായകനെന്നറിഞ്ഞാല്‍ അത് നോക്കി നടിമാര്‍ സിനിമ ചെയ്യാമെന്ന് സമ്മതിക്കും. പക്ഷേ സെങ്കിനി എന്ന കഥാപാത്രം ഇഷ്ടപ്പെട്ട് വരുന്ന ഒരാളെയാണ് ആവശ്യമെന്നായിരുന്നു സാര്‍ പറഞ്ഞത്.

കാണണമെന്ന് പറഞ്ഞ് എന്നെയും രജിഷയേയും സൂര്യ സാര്‍ അദ്ദേഹത്തിന്റെ കാരവനിലേക്ക് വിളിപ്പിച്ചിരുന്നു. ഞങ്ങള്‍ ചെന്ന് കണ്ടു, സംസാരിച്ചു. അദ്ദേഹം ചോദിച്ചതിന് മറുപടി പറഞ്ഞു എന്നല്ലാതെ തിരിച്ചൊരക്ഷരം അങ്ങോട്ട് ചോദിക്കാന്‍ പറ്റിയില്ല. തിരിച്ചിറങ്ങിയപ്പോഴാണ് എന്തൊക്കെയോ ചോദിക്കാന്‍ വിട്ടുപോയെന്ന് മനസിലായത്.’

‘ഷൂട്ടിങ് തീരാറായ അവസരത്തില്‍ ഒരുദിവസം സൂര്യ സാറിന്റെ അസിസ്റ്റന്റ് ആയ കുമാര്‍ അണ്ണന്‍ വന്നിട്ടുപറഞ്ഞു എന്നെ കാരവനിലേക്ക് വിളിക്കുന്നുണ്ടെന്ന്. ഫുള്‍ മേക്കപ്പിലിരിക്കുകയാണ്. എന്താണെന്നറിയാതെയാണ് കയറിച്ചെന്നത്. ഇരിക്കാന്‍ പറഞ്ഞു. അപ്പോളവിടെ ജയ് ഭീമിന്റെ മറ്റൊരു നിര്‍മാതാവായ രാജശേഖര പാണ്ഡ്യന്‍ സാറുമുണ്ട്. നല്ല പ്രകടനമായിരുന്നെന്ന് പറഞ്ഞ് ഒരു ഗിഫ്റ്റ് തന്നു. ഈ കഥാപാത്രം നന്നായി ചെയ്തതിനുള്ള സമ്മാനമായി വെച്ചോളൂ എന്നു പറഞ്ഞാണ് തന്നത്. എന്താണ് അതിനകത്തെന്ന് ആദ്യം മനസിലായില്ല. തിരിച്ച് എന്റെ കാരവാനിലേക്ക് വന്ന് തുറന്നുനോക്കിയപ്പോഴാണ് സ്വര്‍ണമാലയാണെന്ന് മനസിലായത്.’ ലിജോ പറഞ്ഞു. ജയ് ഭീമാണ് തന്നെ ഗ്ലിസറിനില്ലാതെ കരയാന്‍ പഠിപ്പിച്ചത് എന്ന് ലിജോ പറഞ്ഞു.കാരണം കരച്ചില്‍ മാത്രമാണ് അതിലുള്ളതെന്നും ലിജോ മോള്‍ പറയുന്നു.

ബോളിവുഡില്‍ നിന്ന് തനിക്ക് ഓഫര്‍ വന്നിരുന്നുവെന്നും ലിജോ മോള്‍ പറഞ്ഞു. പക്ഷേ ഹിന്ദി അറിയാത്തതുകൊണ്ട് സ്വീകരിക്കാനായില്ലെന്നും അവര്‍ പറഞ്ഞു. ജയ് ഭീമിന്റെ ഇമേജില്‍ നിന്ന് പുറത്തുകടക്കാനാണ് വിശുദ്ധ മെജോ ചെയ്തത്. ജയ് ഭീമിന്റെ രണ്ടാം ഷെഡ്യൂളില്‍ ഞാന്‍ സീന്‍ ആലോചിച്ച് വെറുതേ ഇരുന്ന് കരയും. കോവിഡ് സമയത്ത് ഷൂട്ടിങ് ഇടയ്ക്ക് നിന്നപ്പോള്‍ വീട്ടിലിരുന്നും സ്‌ക്രിപ്റ്റ് വായിച്ച് കരയും. ഡബ്ബിങ്ങിന്റെ സമയത്തും ശരിക്കും ബുദ്ധിമുട്ടി. വിശുദ്ധ മെജോയിലെ കഥാപാത്രം എന്നേക്കാള്‍ സ്മാര്‍ട്ടാണ്. കൊച്ചിക്കാരിയാണ്. മെജോയും ജീനയും തമ്മിലുള്ള സൗഹൃദമാണ് ഈ സിനിമയെന്നും ലിജോ മോള്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version