എന്തൊരു എളിമ, നമ്മുടെ പ്രധാനമന്ത്രിയുടെ ഈ എളിമയെ ഞാന്‍ അഭിനന്ദിക്കുന്നു; സ്വയം കുടപിടിച്ചുനടന്ന മോഡിയെ പുകഴ്ത്തി പ്രിയദര്‍ശന്‍

സ്വയം കുട പിടിച്ചു നടന്ന പ്രധാനമന്ത്രിയെ പുകഴ്ത്തി സംവിധായകന്‍ പ്രിയദര്‍ശന്‍. പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു എന്നാണ് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ളമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന മോഡിയുടെ ചിത്രം പങ്കുവെച്ചാണ് പ്രിയദര്‍ശന്റെ പ്രതികരണം.

അതേസമയം പ്രിയദര്‍ശന്റെ ഫേസ്ബുക്ക് പോസ്റ്റിന് അനുകൂലിച്ചും മോഡിയെ വിമര്‍ശിച്ചും കമന്റുകള്‍ വരുന്നുണ്ട്. ഇത് എളിമയല്ലെന്നും മോഡിയുടെ ഉത്തരവാദിത്വമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഇതുകൊണ്ടാണ് പ്രിയദര്‍ശന്‍ ഒരു നല്ല സംവിധായകനാവുന്നത്. കാരണം സിനിമയില്‍ ഒരു കഥാപാത്രത്തെ എങ്ങനെ ചിത്രീകരിക്കണമെന്ന് നിങ്ങള്‍ക്ക് അറിയാമെന്നാണ് മറ്റൊരു കമന്റ്.

കുടചൂടിയെത്തിയ മോഡിയെ പ്രശംസിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരനും ബോളിവുഡ് താരം കങ്കണയും രംഗത്തെത്തിയിരുന്നു. മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന നരേന്ദ്രമോദിജി, താന്‍ രാജ്യത്തിന്റെ സേവകനാണെന്ന വാക്കുകള്‍ അന്വര്‍ഥമാക്കി. മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ കുട പിടിക്കാന്‍ സേവകരെ വയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വ കാഴ്ചയാവുകയാണ്. തൊഴിലാളിവര്‍ഗത്തിന്റെ പ്രതിനിധിയെന്നവകാശപ്പെടുന്ന മുഖ്യമന്ത്രിയ്ക്കു പോലും ജീവിതത്തില്‍ ഈ ലാളിത്യം പുലര്‍ത്താനാവില്ല എന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം.

ആഡംബരമല്ല സ്വഭാവശക്തിയാണ് നല്ല മനുഷ്യനെ സൃഷ്ടിക്കുന്നതെന്നാണ് കങ്കണ പറഞ്ഞത്. ഫേസ്ബുക്കിലൂടെയാണ് കങ്കണയുടെ പ്രതികരണം. മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന മോഡിയുടെ ചിത്രവും കങ്കണ പങ്കുവെച്ചിട്ടുണ്ട്. ‘ആധുനിക കാലത്തെ അമ്മമാര്‍ കണ്ട് പഠിക്കേണ്ട കാര്യമാണിത്. സുഖവും ആഡംബരവും ആരെയും മികച്ച മനുഷ്യരാക്കില്ല. മറിച്ച് സ്വഭാവശ്ക്തിയും സമഗ്രതയുമാണ് അത് സൃഷ്ടിക്കുന്നത്’ എന്ന് കങ്കണ പറഞ്ഞു.

Exit mobile version