‘നസ്‌ലിനെ വളരെ ഇഷ്ടമായി, ഒന്നുകാണണം, അഭിനന്ദിക്കണം’; നമ്മുടെ കാലഘട്ടമൊക്കെ കഴിഞ്ഞു, ഇനി പുതിയ ആളുകൾ സിനിമ എടുക്കട്ടെ: പ്രിയദർശൻ

സിനിമാ പ്രേമികൾക്കിടയിൽ തരംഗമാവുകയാണ് എഡി ഗിരീഷ് സംവിധാനം ചെയ്ത ‘പ്രേമലു’ സിനിമ. ഈ ചിത്രത്തിനും അഭിനേതാക്കൾക്കും അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. ഈ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇതാണ് യുവാക്കളുടെ സിനിമയെന്നും ചിത്രം തീർന്നതറിഞ്ഞില്ലെന്നും പ്രിയദർശൻ സിനിമ കണ്ടതിന് ശേഷം പറയുന്നതാണ് വൈറലാകുന്നത്.

‘സൂപ്പർ സിനിമ. ഇതാണ് എന്റർടെയ്ൻമെന്റ്. നല്ല ഫ്രഷ്‌നെസ്. ഇതാണ് യങ്‌സ്റ്റേഴ്‌സ് സിനിമ എന്നു പറയുന്നത്. പയ്യനെ എനിക്കു വളരെ ഇഷ്ടമായി. മികച്ച പ്രകടനമായിരുന്നു. ഇത് വ്യത്യസ്തമായ, റിയലിസ്റ്റിക് ആയ ഹ്യൂമർ ആണ്. സിനിമ തീർന്നത് അറിഞ്ഞില്ല. നസ്ലിനെ ഒന്നു കാണണം, അഭിനന്ദിക്കണം.’

‘നമ്മുടെ കാലഘട്ടമൊക്കെ കഴിഞ്ഞു. ഇനി പുതിയ ആളുകൾ ഇതുപോലുള്ള നല്ല സിനിമകൾ എടുക്കട്ടെ. അതാണ് ആവശ്യം. ഇനി എടുക്കലല്ല, ഞങ്ങളൊക്കെ ഇരുന്ന് കാണും. വളരെ മനോഹരമായ സിനിമ.’- സംവിധായകൻ പറയുന്നു.

നസ്ലിൻ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തിയറ്ററിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ എന്നിവർ ചേർന്നാണ് ‘പ്രേമലു’ നിർമിച്ചിരിക്കുന്നത്.

Exit mobile version