‘വെല്‍കം ബാക്ക് ഹോം അപ്പാ’; ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ടൊവിനോയ്ക്ക് ആശംസകളുമായി മക്കള്‍

ദിവസങ്ങളോളമുള്ള ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ ടൊവിനോയ്ക്ക് ആശംസകളുമായി മക്കള്‍. ‘വെല്‍കം ബാക്ക് ഹോം അപ്പാ’ എന്നു തുടങ്ങുന്ന സന്ദേശം എഴുതിയായിരുന്നു പ്രിയപ്പെട്ട അപ്പയെ മക്കളായ ഇസ്സയും തഹാനും സ്വീകരിച്ചത്.

മക്കളുടെ സ്‌നേഹസന്ദേശമുള്‍പ്പെടെ പങ്കുവച്ചാണു, വീട്ടില്‍ മടങ്ങിയെത്തിയ വിവരം നടന്‍ സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. മൂത്തമകള്‍ നാലുവയസ്സുകാരി ഇസ്സയാണു അനിയന്റെ പേരു കൂടി ഉള്‍പ്പെടുത്തി സന്ദേശം തയാറാക്കിയത്.

തഹാന് 4 മാസമേ പ്രായമുള്ളൂ. വീട്ടിലെത്തിയെന്നും ഇനി വിശ്രമമാണെന്നും സുഖവിവരങ്ങള്‍ തിരക്കുകയും പ്രാര്‍ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും താരം സമൂഹമാധ്യമത്തില്‍ കുറിച്ചു. സിനിമകളും കഥാപാത്രങ്ങളുമായി ഉടന്‍ കണ്ടുമുട്ടാമെന്ന ഉറപ്പു നല്‍കിയാണു സന്ദേശം അവസാനിപ്പിക്കുന്നത്.

Exit mobile version