കേക്ക് മുറിച്ച് അമൃതയ്‌ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് പാപ്പു, മകളുടെ ജന്മദിനത്തില്‍ ശരണാലയത്തിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം ആടിയും പാടിയും ബാല

കഴിഞ്ഞദിവസമായിരുന്നു ഗായിക അമൃതയുടെയും നടന്‍ ബാലയുടേയും മകള്‍ പാപ്പു എന്ന് വിളിക്കുന്ന അവന്തികയുടെ പിറന്നാള്‍. മകളുടെ ജന്മദിനം അച്ചനും അമ്മയും വ്യത്യസ്തമായാണ് ആഘോഷിച്ചത്. മകളുടെ പിറന്നാള്‍ അനാഥക്കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ച് കൊണ്ടാണ് ബാല ആഘോഷിച്ചത്.

അവര്‍ക്കൊപ്പം ഒരു ദിവസം ചെലവഴിച്ച താരം ഈ കുട്ടികളോടു ചേര്‍ന്നാണ് മകള്‍ അവന്തികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഇന്നെന്റെ മകളുടെ പിറന്ന നാളാണ് എന്നു ആമുഖമായി പറഞ്ഞു കൊണ്ടാണ് ശരണാലയത്തിലെ കുഞ്ഞുങ്ങളോട് താരം സംസാരിച്ചു തുടങ്ങിയത്.

‘ എന്റെ മകളെപ്പോലെ ഇവിടെ ഒരുപാടു മക്കളുണ്ട്. ഇവര്‍ക്കൊപ്പമാണ് ഇന്നത്തെ ദിവസം. പാപ്പൂ, ഹാപ്പി ബര്‍ത്ത്‌ഡേ ടു യൂ… ഇന്നത്തെ ദിവസം പാപ്പുവിനെ ഒരുപാടു മിസ് ചെയ്യുന്നു. തീര്‍ച്ചയായും നമ്മള്‍ കാണും,’ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വിഡിയോ സന്ദേശത്തില്‍ നടന്‍ ബാല പറഞ്ഞു.

കുഞ്ഞുവാവയ്ക്കിന്നല്ലോ നല്ല നാള് പിറന്നാള് എന്ന ഗാനം പാടി കുഞ്ഞുങ്ങളും പാപ്പുവിന് ജന്മദിനാശംസകള്‍ നേര്‍ന്നു. അനാഥക്കുഞ്ഞുങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ചും അവര്‍ക്ക് ഭക്ഷണം നല്കിയുമാണ് ബാല മകളുടെ പിറന്നാള്‍ ദിവസം അവിസ്മരണീയമാക്കിയത്.

അതേസമയം, അമ്മയും ഗായികയുമായ അമൃത സുരേഷിനൊപ്പം കൊച്ചിയിലെ വീട്ടിലായിരുന്നു പാപ്പുവിന്റെ പിറന്നാള്‍ ആഘോഷം. അമൃതയുടെ കുടുംബത്തിനൊപ്പം പുത്തനുടുപ്പിട്ട് പിറന്നാള്‍ ആഘോഷത്തിമര്‍പ്പില്‍ പാപ്പു നില്ക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ അമൃത പോസ്റ്റ് ചെയ്തിരുന്നു.

Exit mobile version