പിറന്നാള്‍ ദിനത്തില്‍ റേഷന്‍ നല്‍കുമെന്ന് അറിയിച്ചു, ലോക്ക് ഡൗണ്‍ ലംഘിച്ച് ബിജെപി എംഎല്‍യുടെ വീട്ടില്‍ ഒത്തുകൂടിയത് നൂറിലേറെ പേര്‍

മുംബൈ: പിറന്നാള്‍ ദിനത്തില്‍ റേഷന്‍ നല്‍കുമെന്ന് അറിയിച്ചതോടെ ലോക്ക് ഡൗണ്‍ ലംഘിച്ച് ബിജെപി എഎല്‍എയുടെ വീട്ടില്‍ ഒത്തുകൂടിയത് നൂറുകണക്കിന് ആളുകള്‍. മഹാരാഷ്ട്രയിലെ അര്‍വി എംഎല്‍എ ദാദാറാവു കച്ചെയുടെ പിറന്നാള്‍ ദിനത്തിലാണ് വീടിനുമുന്നില്‍ ഇത്രയുമധികം ആളുകള്‍ ഒന്നിച്ചെത്തിയത്.

ഞായറാഴ്ചയായിരുന്നു സംഭവം. ലോക്ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ ഒത്തുകൂടിയ സംഭവത്തില്‍ പോലീസ് ബിജെപി എഎല്‍എയ്‌ക്കെതിരെ കേസെടുത്തു. എന്നാല്‍ തന്റെ അറിവോടെയല്ല ജനങ്ങള്‍ പിറന്നാള്‍ ദിനത്തില്‍ വീട്ടിലെത്തിയതെന്ന് എംഎല്‍എ പ്രതികരിച്ചു.

താന്‍ ആരെയും വിളിച്ചിട്ടില്ലെന്നും ഇത് തനിക്കെതിരെയുള്ള ഗൂഢാലോചയാണ് എന്നും എംഎല്‍എ പറഞ്ഞു. പിറന്നാള്‍ ദിനത്തില്‍ ആരും എന്നെ കാണാന്‍ വരരുത് എന്ന് നാല് ദിവസം മുന്‍പ് തന്നെ നിര്‍ദേശം നല്‍കിയിരുന്നുവെന്നും തന്റെ ശത്രുക്കള്‍ ഗൂഢാലോചന നടത്തി, റേഷന്‍ നല്കുന്നുവെന്ന് പ്രചരിപ്പിച്ച് ആളുകളെ കൂട്ടുകയായിരുന്നുവെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ഇത് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശത്രുക്കള്‍ മനഃപൂര്‍വ്വം ചെയ്തതാണെന്നും എംഎല്‍എ ആരോപിച്ചു. മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം. സംസ്ഥാനത്ത് നിലവില്‍ 748 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version