‘പറഞ്ഞതിലും ഒരു മണിക്കൂര്‍ വൈകിയാണ് ഞാന്‍ എത്തിയത്, അച്ഛനെ ഓര്‍ത്തിട്ടാകാം അവരെന്നെ പുറത്താക്കാതിരുന്നത്’; ധ്യാന്‍ ശ്രീനിവാസന്‍

അച്ഛന്റെയും ചേട്ടന്റെയും പാത പിന്‍തുടര്‍ന്ന് ധ്യാനും സംവിധായക തൊപ്പി അണിഞ്ഞിരിക്കുകയാണ്. ഓണച്ചിത്രമായി തീയ്യേറ്ററുകളിലെത്തിയ ‘ലവ് ആക്ഷന്‍ ഡ്രാമ’യ്ക്ക് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. നിവിന്‍ പോളി നായകനായി എത്തിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ആണ് നായികയായി എത്തിയത്. മമ്മൂട്ടി നായകനായി എത്തിയ ‘പുതിയ നിയമം’ എന്ന ചിത്രത്തിന് ശേഷം നയന്‍താര നായികയായി എത്തിയ മലയാള ചിത്രം കൂടിയായിരുന്നു ഇത്.

‘ആദ്യ സിനിമ തന്നെ ടെന്‍ഷനാണ്. അതില്‍ നയന്‍താര നായികയാകുമ്പോള്‍ ബി പി കൂടില്ലേ’ എന്ന വനിതയുടെ ചോദ്യത്തിന് ധ്യാന്‍ പറഞ്ഞ മറുപടി ഇത്തരത്തിലായിരുന്നു,

‘നയന്‍താര ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുമ്പോഴാണ് ഞാന്‍ ഈ ചിത്രത്തിന്റെ കഥയുമായി അവരുടെ അടുത്ത് ചെല്ലുന്നത്. ഏട്ടന്‍ വഴിയാണ് നയന്‍താരയിലേക്ക് എത്തിയത്. ഫോണ്‍ വിളിച്ചപ്പോള്‍ അടുത്ത ദിവസം തന്നെ കഥ പറയാനായി ചെന്നൈയില്‍ വരാന്‍ പറഞ്ഞു. വൈകീട്ട് നാലു മണിക്ക് ഓഫിസില്‍ എത്താനാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഞാന്‍ പതിവുപോലെ വൈകി അഞ്ച് മണിക്കാണ് അവിടെ എത്തിയത്.

ഓഫീസില്‍ എത്തിയപ്പോള്‍ എന്റെ ചുറ്റും ഇരിക്കുന്നവര്‍ അപ്പോയ്ന്‍മെന്റ് ടൈമിനും ഒരു മണിക്കൂര്‍ മുമ്പേ അവിടെ കാത്തിരിപ്പ് തുടങ്ങിയിട്ടുണ്ട്. എന്തോ അച്ഛനെ ഓര്‍ത്താകാം അവര്‍ എന്നെ പുറത്താക്കിയില്ല. കഥ കേട്ടു കഴിഞ്ഞ് കൈ തന്നു. അതോടെ ‘ശരി, ബൈ ഇതെനിക്ക് പറ്റില്ലെന്ന്’ അവര്‍ പറയാന്‍ തുടങ്ങുമെന്നാണ് വിചാരിച്ചത്. പക്ഷേ, എന്റെ ധാരണകളെ തെറ്റിച്ചു ‘നമുക്ക് ചെയ്യാം’ എന്നാണ് അവര്‍ പറഞ്ഞത്. അത്രയും ഞാന്‍ പ്രതീക്ഷിച്ചതല്ല. പിന്നീട് മറുപടി പറയാമെന്നോ, തിരുത്തുകള്‍ വരുത്തി വീണ്ടും വരാനോ പറയുമെന്നാണ് ഞാന്‍ കരുതിയത്’ എന്നാണ് അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞത്.

Exit mobile version