എഞ്ചിനീയറിങ് പോലും പൂർത്തിയാക്കാനാകാത്ത താൻ സിനിമയിലെത്തില്ല; അന്ന് അച്ഛൻ പറഞ്ഞിരുന്നു: ധ്യാൻ ശ്രീനിവാസൻ

മുമ്പ് അച്ഛന് തന്നിൽ ഒരു വിശ്വാസക്കുറവ് ഉണ്ടായിരുന്നെന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്.

നടനായും തിരക്കഥാകൃത്തായും തിളങ്ങിയ ധ്യാൻ ശ്രീനിവാസൻ ഒടുവിൽ സംവിധാന വേഷത്തിലും പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ്. ആദ്യ ചിത്രമായ ലൗ ആക്ഷൻ ഡ്രാമ മികച്ച വിജയമാണ് തീയ്യേറ്ററുകളിൽ കൊയ്‌തെടുക്കുന്നത്. തെന്നിന്ത്യൻ താരറാണിയായ നയൻ താരയും നിവിൻ പോളിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് അജുവർഗീസും വൈശാഖ് സുബ്രഹ്മണ്യവും ചേർന്നാണ്.

ധ്യാനിന്റെ അച്ഛൻ ശ്രീനിവാസനും ചിത്രത്തിൽ ഒരു പ്രധാനറോളിൽ അഭിനയിച്ചിരുന്നു. എന്നാൽ, മുമ്പ് അച്ഛന് തന്നിൽ ഒരു വിശ്വാസക്കുറവ് ഉണ്ടായിരുന്നെന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. താൻ സിനിമയിലെത്തില്ലെന്നായിരുന്നു അച്ഛൻ പറഞ്ഞിരുന്നതെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു.

താൻ ഒരു എഞ്ചിനീയറിങ് ഡ്രോപ് ഔട്ട് ആണ്. ഇതോടെ അച്ഛൻ പറയുമായിരുന്നു എഞ്ചിനീയറിങ് പോലും പൂർത്തിയാക്കാൻ കഴിയാത്ത താൻ എങ്ങനെ സിനിമ പോലെ വിശാലമായ മേഖലയെ അതിജീവിക്കും എന്ന്. അച്ഛൻ പറഞ്ഞിരുന്ന പല കാര്യങ്ങളും ലവ് ആക്ഷൻ ഡ്രാമയുടെ സംവിധായകനായപ്പോൾ മനസിലായി എന്നും ധ്യാൻ പറയുന്നു.

എഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ചിത്രത്തെ കുറിച്ച് മനസ് തുറന്നത്. സിനിമയിലെ ബുദ്ധിമുട്ടുകളൊക്കെ അറിയുന്നതുകൊണ്ടാവണം ഞങ്ങൾ സിനിമയിലേക്ക് എത്തുന്നത് അച്ഛന് വലിയ താൽപര്യമില്ലായിരുന്നത് എന്നും ധ്യാൻ അഭിമുഖത്തിൽ പറയുന്നുണ്ട്.

സിനിമ അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് ഞങ്ങൾ രണ്ടുപേരോടും അച്ഛൻ പണ്ട് സംസാരിച്ചിട്ടുള്ളത്. ബിടെക്ക് ഡ്രോപ്പൗട്ട് ആയപ്പോൾ പെട്ടിയും കിടക്കയുമെടുത്ത് വിട്ടോളാനാണ് അച്ഛൻ പറഞ്ഞതെന്നും ധ്യാൻ അഭിമുഖത്തിൽ പറഞ്ഞു.

Exit mobile version