ധര്‍മ്മജന്‍ എന്ന സിനിമാ നടനയെ മലയാളികള്‍ക്ക് അറിയൂ… എഴുത്തുകാരനായ ധര്‍മ്മജനെ പലര്‍ക്കും പരിചിതമല്ല

ചാനലുകളില്‍ അടക്കം നിരവധി സീരിയലുകളുടെയും ഷോകളുടെയും തിരക്കഥകള്‍ ഒരുക്കിയിരിക്കുന്നത് ധര്‍മ്മജന്‍ ആണ്

മിമിക്രി താരവും കോമേഡിയനും സിനിമാനടനുമായിട്ടാണ് മലയാളികള്‍ക്ക് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ അറിയുന്നത്. എന്നാല്‍ ധര്‍മ്മജന്‍ ഒരു എഴുത്തുകാരന്‍ കൂടിയാണെന്ന കാര്യം പലര്‍ക്കും പരിചിതമായ കാര്യമായിരിക്കില്ല. ചാനലുകളില്‍ അടക്കം നിരവധി സീരിയലുകളുടെയും ഷോകളുടെയും തിരക്കഥകള്‍ ഒരുക്കിയിരിക്കുന്നത് ധര്‍മ്മജന്‍ ആണ്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മ്മജന്‍ അധികമാര്‍ക്കും പരിചയമില്ലാത്ത തന്റെ ആ കര്‍മ്മ മേഖലയെക്കുറിച്ച് പറഞ്ഞത്. 3 മെഗാ സീരിയലുകള്‍ അഞ്ഞൂറോളം എപ്പിസോഡുകള്‍ വരുന്ന കോമഡി ഷോകള്‍, ഏഷ്യാനെറ്റിലെ ഹിറ്റ് കോമഡി സീരിയസായിരുന്ന സിനിമാലയിലെ എപ്പിസോഡുകള്‍ തുടങ്ങിയവയുടെയെല്ലാം പിന്നില്‍ തൂലിക ചലിപ്പിച്ചത് ധര്‍മ്മജന്‍ ബോള്‍ഗാട്ടി തന്നെയായിരുന്നു.

ആദ്യം താനൊരു എഴുത്തുകാരനായിരുന്നു പിന്നീടാണ് താന്‍ കോമേഡിയനും സിനിമാനടനുമൊക്കെയായതെന്ന് ധര്‍മ്മജന്‍ പറയുന്നു. തന്റെ മേഖല എഴുത്തായിരുന്നു. എഴുതാന്‍ വേണ്ടി തനിക്ക് ഏകാന്തതയോ കഞ്ചാവോ വേണ്ടി വന്നിട്ടില്ല. ആളും ബഹളവും നിറഞ്ഞ സന്ദര്‍ഭങ്ങളിലായിരുന്നു താന്‍ പലപ്പോഴും എഴുതിയിരുന്നതെന്നും ധര്‍മ്മജന്‍ തുറന്നു പറഞ്ഞു.

കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന എഴുത്തുകാരില്‍ പലരും ഏകാന്തവാസം ആണെന്നും കഞ്ചാവ് പോലുള്ള മാരക ലഹരി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നുമാണ് പൊതുജനങ്ങള്‍ക്കിടയിലുള്ള അഭിപ്രായം. ഈ സാഹചര്യത്തിലാണ് ധര്‍മ്മജന്റെ ഇത്തരത്തിലുള്ള പ്രതികരണം.

തനിക്ക് ജോലിയുടെ ഭാഗമായി നിര്‍ബന്ധമായും എഴുതണമായിരുന്നു. അതിനാല്‍ ചുറ്റുപാടുമുള്ള ബുദ്ധിമുട്ടുകളെല്ലാം കണ്ടില്ലെന്ന് വെച്ചു. പ്രതിസന്ധികരമായ അത്തരം കാര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കുക സാധ്യമല്ലായിരുന്നെന്നും താരം വ്യക്തമാക്കി. കോമേഡിയനായി സിനിമയില്‍ നിറഞ്ഞ ധര്‍മ്മജന്‍ കേരള സര്‍ക്കാരിനെതിരെ പ്രളയകാലത്ത് നടത്തിയ പരാമര്‍ശത്തോടെ വാര്‍ത്തകളിലും ഇടം നേടിയിരുന്നു.

Exit mobile version