പാകിസ്താന്‍ തേയില കുടിച്ച് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ‘താപല്‍ ടീ’ പരസ്യം വ്യാജം

ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഉപയോഗിച്ചുള്ള പാകിസ്താനി തേയില കമ്പനിയുടെ പരസ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. പാക് കസ്റ്റഡിയിലിരിക്കെ അഭിനന്ദന്‍ പറഞ്ഞത് ഉള്‍പ്പെടുത്തിയാണ് കറാച്ചി ആസ്ഥാനമായ ‘താപല്‍ ടീ’ എന്ന ബ്രാന്‍ഡിന്റെ പേരില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

ചായ കുടിക്കുന്ന അഭിനന്ദന്‍ ‘ദ ടീ ഈസ് ഫന്റാസ്റ്റിക്, താങ്ക്യു’ എന്ന് പറയുന്നത് പരസ്യത്തില്‍ കാണാം. വിങ് കമാന്‍ഡര്‍ അഭിനന്ദനെ ഉപയോഗിച്ച് ചിത്രീകരിച്ച പരസ്യമെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്.

എന്നാല്‍ ഈ വീഡിയോ യഥാര്‍ഥമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് യഥാര്‍ഥത്തില്‍ താപല്‍ ടീ കമ്പനിയുടേതല്ല. ഇതൊരു എഡിറ്റ് ചെയ്ത വീഡിയോ ആണ്. അഭിനന്ദന്റെ ദൃശ്യങ്ങള്‍ താപല്‍ ടീ പരസ്യത്തില്‍ ഉപയോഗിച്ചിട്ടില്ല.

പാക് സൈന്യം അഭിനന്ദനെ കസ്റ്റഡിയിലെടുത്ത ശേഷം ഫെബ്രുവരി 27ന് പുറത്തുവിട്ട വീഡിയോയിലെ ദൃശ്യങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പലരും ഇത് യഥാര്‍ഥ പരസ്യമാണെന്ന് തെറ്റിദ്ധരിച്ചാണ് ഷെയര്‍ ചെയ്യുന്നത്.

‘Tapal tea ad’ എന്ന് ഗൂഗിളില്‍ തിരഞ്ഞ് നോക്കിയാല്‍ താപല്‍ ടീയുടെ യഥാര്‍ത്ഥ പരസ്യ ചിത്രം ലഭിക്കും. ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടിന്റെ ആദ്യ പേജില്‍ തന്നെ യഥാര്‍ത്ഥ പരസ്യ ചിത്രം കാണാനാകും. അതില്‍ അഭിനന്ദന്റെ ദൃശ്യങ്ങളില്ല. അപ്പോള്‍ പരസ്യം വ്യാജമെന്ന് നിരീക്ഷകര്‍ പറയുന്നു.

Exit mobile version