ക്യാപ്റ്റൻ അഭിനന്ദൻ വർധമാനെ വീരചക്ര ബഹുമതി നൽകി ആദരിച്ചു

ന്യൂഡൽഹി: എയർഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാന് വീരചക്ര. രാഷ്ട്രപതി രാംനാഥ് കോവിന്ദ് വീരചക്ര ബഹുമതി നൽകി അഭിനന്ദനെ ആദരിച്ചു. സൈനികർക്ക് നൽകുന്ന മൂന്നാമത്തെ ഉയർന്ന യുദ്ധകാല ബഹുമതിയാണ് വീരചക്ര. പരംവീര ചക്ര, മഹാവീര ചക്ര എന്നിവയാണ് ഉയർന്ന മറ്റു രണ്ടു ബഹുമതികൾ.

2019 ഫെബ്രുവരി 27ന് പാകിസ്താന്റെ യുദ്ധ വിമാനമായ എഫ് 16 വ്യോമാക്രമണത്തിലൂടെ അഭിനന്ദൻ തകർത്തത് ഉൾപ്പടെയുള്ള ധീരമായ നടപടികൾക്കാണ് ബഹുമതി.

ബാലാകോട്ടിൽ പാകിസ്താന്റെ യുദ്ധവിമാനം എഫ്-16 വെടിവെച്ചിട്ട ശേഷമാണ് മിഗ് 21 വിമാനത്തിലായിരുന്ന ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പാക് സൈന്യത്തിന്റെ പിടിയിലാവുന്നത്. നിയന്ത്രിച്ചിരുന്ന വിമാനം തകർന്നപ്പോൾ പാരച്യൂട്ട് ഉപയോഗിച്ച് താഴേക്ക് ചാടുകയായിരുന്നു. പാക് അധീന കാശ്മീരിൽ ചെന്നിറങ്ങിയ അഭിനന്ദനെ പാക് സൈന്യം തടവിലാക്കുകയും പിന്നീട് ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് അഭിനന്ദനെ വിട്ടയക്കുകയുമായിരുന്നു.

പുൽവാമ ആക്രമണത്തിന് തിരിച്ചടിയായാണ് ഫെബ്രുവരി 26ന് വ്യോമസേന ബാലകോട്ടെ ഭീകര കേന്ദ്രങ്ങളിൽ ബോംബിട്ടത്. ഇതിന് പിന്നാലെ ഫെബ്രുവരി 27 ന് നിയന്ത്രണ രേഖ മറികടന്ന് ആക്രമിക്കാനെത്തിയ പാകിസ്താൻ യുദ്ധവിമാനങ്ങളെ ഇന്ത്യ തുരത്തിയോടിക്കുകയായിരുന്നു.

ഇന്ത്യൻ അതിർത്തി ലംഘിച്ച പാകിസ്താന്റെ അമേരിക്കൻ നിർമിത എഫ്-16 യുദ്ധവിമാനം മിഗ്-21 ബൈസൺ ജെറ്റ് നിയന്ത്രിച്ചിരുന്ന അഭിനന്ദനായിരുന്നു വെടിവെച്ചിട്ടത്.

Exit mobile version