അഭിനന്ദന്‍ വര്‍ദ്ധമാന്റെ രൂപത്തില്‍ 321 കിലോ ഭാരമുള്ള ചോക്ലേറ്റ് പ്രതിമ! വീര വൈമാനികന് ആദരമര്‍പ്പിച്ച് പുതുച്ചേരിയിലെ സ്യൂക കഫേ

ഇന്ത്യയുടെ അഭിമാനമായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ രൂപത്തില്‍ ചോക്ലേറ്റ് പ്രതിമയാണ് ഇത്തവണ സ്യൂക കഫേ തയ്യാറാക്കിയിരിക്കുന്നത്.

പോണ്ടിച്ചേരി: എല്ലാ വര്‍ഷവും പ്രമുഖ വ്യക്തികള്‍ക്കുള്ള ആദര സൂചകമായി കേക്ക് നിര്‍മ്മിച്ച് ശ്രദ്ധേയരാകാറുള്ള പുതുച്ചേരിയിലെ സ്യൂക കഫേ ഇത്തവണയും വ്യത്യസ്തരായി. ഇന്ത്യയുടെ അഭിമാനമായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ രൂപത്തില്‍ ചോക്ലേറ്റ് പ്രതിമയാണ് ഇത്തവണ സ്യൂക കഫേ തയ്യാറാക്കിയിരിക്കുന്നത്.

5 അടി 10 ഇഞ്ച് ഉയരമുള്ള പ്രതിമ 132 മണിക്കൂറിലധികം സമയമെടുത്താണ് ഉണ്ടാക്കിയത്. 321 കിലോ ഗ്രാം ഭാരമാണുള്ളതെന്ന് കഫേ മേധാവി രാജേന്ദ്ര തങ്കരസു പറഞ്ഞു. 2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച കഫേ എല്ലാവര്‍ഷവും പ്രശസ്തരായ വ്യക്തികള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് കേക്ക് പ്രതിമ നിര്‍മ്മിക്കാറുണ്ട്.

നേരത്തെ ബംഗളൂരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബേക്കിങ് ആന്‍ഡ് കേക്ക് ആര്‍ട്ടിലെ വിദ്യാര്‍ത്ഥികള്‍ അഭിനന്ദന്റെ രൂപത്തില്‍ ക്രിസ്മസ് കേക്ക് നിര്‍മ്മിച്ചത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 225 കിലോഗ്രാം ഭാരമുള്ള കേക്കാണ് അന്ന് വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ചത്.

Exit mobile version