വീണ്ടും മിഗ് 21 പോര്‍വിമാനം പറത്തി അഭിനന്ദന്‍ വര്‍ദ്ധമാന്‍: ചരിത്രമുഹൂര്‍ത്തം എയര്‍ ചീഫ്മാര്‍ഷലിനൊപ്പം, കൊമ്പന്‍ മീശ മിസ്സ് ചെയ്യുന്നെന്ന് സൈബര്‍ലോകം

ന്യൂഡല്‍ഹി: ഇടവേളയ്ക്ക് ശേഷം വീണ്ടും മിഗ് 21 പോര്‍വിമാനം പറത്തി വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍. വ്യോമസേന മേധാവി ബിഎസ് ധനോവയൊടൊപ്പമാണ് അഭിനന്ദന്‍ വിമാനം പറത്തിയത്. വിരമിക്കുന്നതിനു മുന്‍പുള്ള ചീഫ് എയര്‍ മാര്‍ഷലിന്റെ അവസാന യുദ്ധവിമാനം പറപ്പിക്കല്‍ കൂടിയായിരുന്നു അഭിനന്ദിനൊപ്പം. പത്താന്‍കോട്ട് എയര്‍ബേസില്‍ നിന്നായിരുന്നു മിഗ് 21 ജെറ്റ് കുതിച്ചുയര്‍ന്നത്.

ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും അഭിനന്ദന് വ്യോമസേന പറക്കാന്‍ അനുമതി നല്‍കിയത്. പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ നിന്നാണ് അഭിനന്ദന്‍ വര്‍ദ്ധമാനും എയര്‍ ചീഫ് മാര്‍ഷലും ചേന്ന് ഫൈറ്റര്‍ വിമാനം പറത്തിയത്. മിഗ് 21 പൈലറ്റായ ബിഎസ് ധനോവ 1999-ലെ കാര്‍ഗില്‍ യുദ്ധ സമയത്ത് പതിനേഴാം സ്‌ക്വാഡ്രണിന്റെ തലവനായിരുന്നു.

ഫെബ്രുവരിയില്‍ പാക്കിസ്ഥാനുമായുണ്ടായ വ്യോമസംഘര്‍ഷത്തിനിടെ പാക്കിസ്ഥാന്റെ ഒരു എഫ് 16 വിമാനം തകര്‍ത്ത അഭിനന്ദന്‍ വര്‍ദ്ധമാനിന് രാജ്യം വീര്‍ചക്ര നല്‍കി ആദരിച്ചിരുന്നു. ഡോഗ് ഫൈറ്റില്‍ എഫ് 16 തകര്‍ത്തതിന് പിന്നാലെ കോക്പിറ്റില്‍ നിന്ന് സ്വയം ഇജക്ട് ചെയ്ത് രക്ഷപ്പെട്ട അഭിനന്ദനെ പാക് സൈന്യം പിടികൂടിയിരുന്നു. മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ ഇദ്ദേഹത്തിന് ബെംഗളുരുവിലെ ഐഎഎഫ് എയ്‌റോസ്പേസ് മെഡിസിന്‍ വിഭാഗമാണ് പറക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്.

എന്നാല്‍, ഇത്തവണ ട്രേഡ് മാര്‍ക്കായ കൊമ്പന്‍ മീശയില്ലാതെയാണ് അഭിനന്ദന്‍ എയര്‍ മാര്‍ഷലിനൊപ്പം മിഗ് 21 പറത്താനെത്തിയത്. അഭിനന്ദന്‍ പാക് പിടിയില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ ഈ മീശ ട്രെന്‍ഡാകുകയും അനേകം പേര്‍ ഈ സ്‌റ്റൈല്‍ അനുകരിക്കുകയും ചെയ്തിരുന്നു.

Exit mobile version