ഷമീമ ബീഗത്തിനെയും കുഞ്ഞിനെയും നെതര്‍ലാന്‍ഡിലേക്ക് കൂട്ടിക്കൊണ്ട് പോകാനൊരുങ്ങി ഭര്‍ത്താവ്

ലണ്ടന്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ ഇസ്‌ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേരാന്‍ സിറിയയിലേക്കു പോയ ബ്രിട്ടീഷ് യുവതി ഷമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കിയതിനു പിന്നാലെ യുവതിയെയും കുഞ്ഞിനേയും തന്റെ രാജ്യത്തേക്ക് വിളിക്കാനൊരുങ്ങി ഷമീമയുടെ ഭര്‍ത്താവ് യാഗോ റെയ്ഡ്ജിക്.

നവജാത ശിശുവുമായി നാട്ടിലേക്ക് മടങ്ങണമെന്ന ഷമീമയുടെ ആവശ്യം ബ്രിട്ടന്‍ നിരസിച്ചതോടെയാണ് അവരെ നെതര്‍ലാന്‍ഡിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍, ഇസ്‌ലാമിക് സ്റ്റേറ്റ് അനുഭാവിയായിരുന്ന യാഗോയുടെ നീക്കം. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

2015ല്‍ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരാനായി ബീഗം സിറിയയിലെത്തി ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഇവരുടെ വിവാഹം. ഷമീമയെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച സമയത്ത് ഇത്രയും ചെറിയ ഒരു പെണ്‍കുട്ടിയെ എങ്ങനെ കല്യാണം കഴിക്കും എന്ന് സംശയിച്ചിരുന്നതായി യാഗോ വെളിപ്പെടുത്തുന്നു.

യാഗോയ്ക്കും 23 വയസും ഷമീമയ്ക്ക് 15 വയസ് മാത്രം പ്രായമുളളപ്പോഴായിരുന്നു ഇവരുടെ വിവാഹം. ഷമീമയുടെ ജന്മനാടായ യുകെയും മാതാപിതാക്കളുടെ സ്ഥലമായ ബംഗ്ലാദേശും കയ്യൊഴിഞ്ഞ സാഹചര്യത്തില്‍ ഭര്‍ത്താവിനൊപ്പം നെതര്‍ലാന്‍ഡിലേക്ക് മടങ്ങിപ്പോകാന്‍ എന്തൊക്കെ നിയമ തടസ്സങ്ങള്‍ ഉണ്ടാകുമെന്നതിനെക്കുറിച്ച് ആര്‍ക്കും വ്യക്തതയില്ല.

ഹോളണ്ടിലെ തീവ്രവാദി വാച്ച് ലിസ്റ്റില്‍ യാഗോയുടെ പേര് ഉണ്ടെങ്കിലും പൗരത്വം നെതര്‍ലാന്‍ഡ് റദ്ദാക്കിയിരുന്നില്ല. തിരിച്ചെത്തിയാല്‍ തീവവ്രാദ പ്രവര്‍ത്തനം നടത്തിയതിന് ചുരുങ്ങിയത് ആറു കൊല്ലമെങ്കിലും ഇയാള്‍ തടവ് അനുഭവിക്കേണ്ടി വരും. നെതര്‍ലന്‍ഡ്സില്‍ നിന്ന് 500-ഓളം പേര്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നും അവരില്‍ ഒരാളാണ് യാഗോ എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴും 150-ഓളം പേര്‍ മടങ്ങിയെത്താന്‍ തയാറാകാതെ ഐഎസ് ആശയത്തില്‍ വിശ്വസിച്ച് തുടരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിറിയയിലെ അഭയാര്‍ഥി ക്യാംപില്‍ തന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാന്‍ ഹോം ഓഫിസ് തീരുമാനിച്ചത്.

Exit mobile version