ഐഎസിൽ ചേർന്നവരിൽ പകുതിയും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന്; കേരളത്തിൽ ലൗ ജിഹാദിന്റെ പേരിൽ ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്നെന്ന് സിറോ മലബാർ സിനഡ്

തൃശ്ശൂർ: കേരളത്തിൽ ലൗ ജിഹാദിന്റെ പേരിൽ ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്നെന്ന് വിലയിരുത്തി സിറോ മലബാർ സിനഡ്. മത സൗഹാർദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ലൗ ജിഹാദ് കേരളത്തിൽ വളർന്നു വരുന്നത് ആശങ്കാജനകമാണ് എന്ന് സിനഡ് അഭിപ്രായപ്പെട്ടു. അടുത്തിടെ പ്രണയക്കുരുക്കിൽ പെട്ട് ജീവൻ നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെ ദുരന്തം കേരളത്തിന്റെ മതേതര മനസ്സാക്ഷിയിൽ ഏൽപ്പിച്ച മുറിവ് ആഴമുള്ളതാണെന്നും സിനഡിൽ ചർച്ചയുയർന്നു.

കേരളത്തിൽനിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരിൽ പകുതിയോളം പേർ ക്രിസ്ത്യൻ വിശ്വാസത്തിൽനിന്ന് പരിവർത്തനം ചെയ്യപ്പെട്ടവരാണ് എന്ന വസ്തുത കണ്ണ് തുറപ്പിക്കേണ്ടതാണ്. കണക്കിൽപ്പെടാത്ത ഒട്ടേറെ പെൺകുട്ടികളും ഇങ്ങനെ ഭീകരവാദപ്രവർത്തനങ്ങളിൽ എത്തിയിട്ടുണ്ട്. പ്രണയം നടിച്ച് പെൺകുട്ടികളെ പീഡനത്തിനിരയാക്കുകയും മതപരിവർത്തനത്തിനു നിർബന്ധിക്കുകയും ചെയ്യുന്നതായി നിരവധി പരാതികളുയർന്നിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും സിനഡ് ആരോപിച്ചു.

ലൗ ജിഹാദ് വെറും സാങ്കൽപ്പികമല്ലെന്നു കണക്കുകൾ തെളിയിക്കുന്നു. ഇതു ക്രമസമാധാന പ്രശ്നമായിക്കണ്ട് പോലീസ് നടപടിയെടുക്കണം. ലൗ ജിഹാദിന്റെ അപകടങ്ങളെക്കുറിച്ചു കുട്ടികളെയും രക്ഷാകർത്താക്കളെയും ബോധവത്കരിക്കണം. പ്രണയം നടിച്ച് പെൺകുട്ടികളെ മതപരിവർത്തനത്തിനു നിർബന്ധിക്കുന്നുവെന്ന പരാതികൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഈ വിഷയത്തെ മതപരമായി കാണാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമെന്ന നിലയിൽ ശരിയായ നടപടി എടുക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു. ആഗോളതലത്തിൽ ക്രൈസ്തവർക്കെതിരേ വർദ്ധിച്ചുവരുന്ന പീഡനങ്ങളിൽ സിറോ മലബാർ സിനഡ് ആശങ്ക രേഖപ്പെടുത്തി.

Exit mobile version