ലോകം മുഴുവന്‍ അപലപിച്ചപ്പോഴും മസൂദ് അസ്ഹറിനെ പിന്തുണച്ച് ചൈന: തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം വീണ്ടും നിഷേധിച്ചു

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ ലോക രാജ്യങ്ങള്‍ മുഴുവന്‍ അപലപിച്ചപ്പോഴും തീവ്രവാദത്തെ തള്ളിപ്പറഞ്ഞപ്പോഴും ഭീകരവാദികളെ ചേര്‍ത്ത് നിര്‍ത്തി ചൈന. വിഷയത്തില്‍ മൗനം പാലിച്ച ചൈന വൈകിയാണ് പ്രതികരിച്ചത്. ‘ആക്രമണം ഞെട്ടിക്കുന്നത്’ എന്നായിരുന്നു ചൈനയുടെ ആദ്യപ്രതികരണം.

ജെയ്ഷ ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യുഎന്നിന്റെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന വീണ്ടും നിഷേധിച്ചു. ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ 44 സൈനികരുടെ ജീവത്യാഗത്തിന് ഇടയാക്കിയ ബോംബാക്രമണത്തിനു പിന്നില്‍ ജെയ്ഷ ഇ മുഹമ്മദ് ആയിരുന്നു.

പുല്‍വാമയിലെ ചാവേര്‍ ആക്രമണം കൂടാതെ ഇന്ത്യയില്‍ നടന്ന മറ്റു പല തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലും ജെയ്ഷ മുഹമ്മദിന് പങ്കുണ്ടായിരുന്നു. 2017ല്‍ ജമ്മു കാശ്മീരിലെ ഉറി ആര്‍മി ക്യാമ്പില്‍ 17 സൈനികരുടെ ജീവനെടുത്ത ആക്രമണത്തിന് പിന്നിലും മസൂദ് അസ്ഹര്‍ ഉണ്ടായിരുന്നു. 2016ല്‍ പത്താന്‍കോട്ടില്‍ നടന്ന ആക്രമണത്തിന് പിന്നിലും അസ്ഹറാണെന്ന് തെളിഞ്ഞിരുന്നു. 2001 ല്‍ ശ്രീനഗറില്‍ നടന്ന പാര്‍ലമെന്റ് ആക്രമണത്തിലും അസ്ഹറിന് പങ്കുണ്ടായിരുന്നു.

ഈ അക്രമത്തില്‍ ഞങ്ങള്‍ അഗാധമായ ഞെട്ടല്‍ രേഖപ്പെടുത്തുന്നു’ എന്നായിരുന്നു ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വിഷയത്തിലെ ആദ്യ പ്രതികരണം. അതേസമയം, അസ്ഹറിനെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യുഎന്നില്‍ വീറ്റോ അധികാരം ഉള്ള ചൈന തയ്യാറായില്ല. അസ്ഹറിനെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ അപേക്ഷയും ചൈന നേരത്തെ തള്ളിയിരുന്നു.

1999ല്‍ എബി വാജ്പയി സര്‍ക്കാര്‍ ആയിരുന്നു അസ്ഹറിനെ മോചിപ്പിച്ചത്. ഭീകരര്‍ തട്ടിയെടുത്ത ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് ഐസി 814 ലെ യാത്രക്കാരെ മോചിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു അത്.

പരിശീലനം കഴിഞ്ഞ് ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് വരികയായിരുന്നു സൈനികരുടെ വാഹന വ്യൂഹത്തിനു നേരെ ആയിരുന്നു കഴിഞ്ഞദിവസം ഭീകരാക്രമണം ഉണ്ടായത്. 78 ബസുകളിലായി 2,500 ഓളം സൈനികര്‍ ആയിരുന്നു ഉണ്ടായിരുന്നത്. വാഹനവ്യൂഹത്തിന് ഇടയിലേക്ക് ചാവേര്‍ കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. 44 ജവാന്‍മാര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചു.

Exit mobile version