‘പിരിയാനാവില്ല’ : ഭാര്യയുടെ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് 21 വര്‍ഷം, ഒടുവില്‍ സംസ്‌കരിച്ച് ഭര്‍ത്താവ്

ബാങ്കോക്ക് : പരസ്പരം പിരിയാനാവാത്തതിനാല്‍ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹം സൂക്ഷിച്ചത് 21 വര്‍ഷം. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ റിട്ടയേര്‍ഡ് മിലിട്ടറി ഉദ്യോഗസ്ഥനായ ചാണ്‍ ജന്‍വാച്ചക്കല്‍ (72) ആണ് ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കാതെ വര്‍ഷങ്ങളോളം അതിനൊപ്പം കഴിഞ്ഞത്.

2001ല്‍ അമിത രക്തസമ്മര്‍ദത്തെത്തുടര്‍ന്നാണ് ചാണിന്റെ ഭാര്യ മരിക്കുന്നത്. അന്ന് മുതല്‍ മൃതദേഹം സംസ്‌കരിക്കാതെ വീട്ടിനുള്ളില്‍ സൂക്ഷിച്ചു വരികയായിരുന്നു ചാണ്‍. പെട്ടിയിലടച്ചാണ് മൃതദേഹം വച്ചിരുന്നത്. എന്നാല്‍ താന്‍ മരിച്ചാല്‍ മൃതദേഹം സംസ്‌കരിക്കപ്പെടാതെ പോകുമെന്നതിനാല്‍ കഴിഞ്ഞ ദിവസം ഇദ്ദേഹം മൃതദേഹം സംസ്‌കരിച്ചു. കാസെം ബാങ്കോക്ക് ഫൗണ്ടേഷന്റെ സഹായത്തോടെയായിരുന്നു സംസ്‌കാരം.

മരിച്ച അന്ന് തന്നെ ബുദ്ധമത ചടങ്ങുകള്‍ക്കായി മൃതദേഹം നോന്തപുരിയിലെ വാട്ട് ചോന്‍പ്രതര്‍ണ്‍ രംഗ്‌സരിതിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ ചടങ്ങുകള്‍ക്ക് ശേഷം ചാണ്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നു. വൈദ്യുതി പോലുമില്ലാത്ത ചെറിയ ഒറ്റനില കോണ്‍ക്രീറ്റ് വീട്ടിലാണ് ചാണ്‍ താമസിച്ചിരുന്നത്. ഭാര്യ മരിക്കാത്തത് പോലെയായിരുന്നു ഇദ്ദേഹത്തിന്റെ പെരുമാറ്റം. മൃതദേഹത്തോട് ചാണ്‍ സംസാരിക്കുക പോലും ചെയ്യുമായിരുന്നു.

തായ് ആര്‍മിയില്‍ മെഡിക്കല്‍ രംഗത്ത് സേവനമനുഷ്ഠിച്ചിരുന്ന ചാണ്‍ ഒന്നിലധികം യൂണിവേഴ്‌സിറ്റി ഡിഗ്രികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകയായിരുന്നു ഭാര്യയും. മൃതദേഹം സംസ്‌കരിക്കാത്തതിനാല്‍ ചാണിനോട് തെറ്റി മക്കളൊന്നും വീട്ടിലേക്ക് വരാറുണ്ടായിരുന്നില്ല. മരണം രജിസ്റ്റര്‍ ചെയ്തിരുന്നതിനാല്‍ ഇദ്ദേഹത്തിനെതിരെ നിയമനടപടി ഉണ്ടാകാന്‍ സാധ്യതയില്ല.

Exit mobile version