ആഡംബരക്കാറുകളടങ്ങിയ ചരക്കുകപ്പലില്‍ തീപിടുത്തം : നടുക്കടലില്‍ കുടുങ്ങിയത് പോര്‍ഷെയും ഔഡിയുമടക്കം ആയിരക്കണക്കിന് കാറുകള്‍

ന്യൂയോര്‍ക്ക് : ആഡംബരക്കാറുകളുമായി പോയ ചരക്കുകപ്പലില്‍ തീപിടുത്തം. 656 അടി നീളമുള്ള ‘ഫെലിസിറ്റി എയ്‌സ് ‘ എന്ന കപ്പലിനാണ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വച്ച് തീപിടിച്ചത്. കപ്പലില്‍ ആയിരക്കണക്കിന് ഔഡി, പോര്‍ഷെ, ലംബോര്‍ഗിനി കാറുകളുണ്ടായിരുന്നതായാണ് വിവരം.

പോര്‍ച്ചുഗലിലെ അസോറസില്‍ നിന്ന് 90 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറായി സഞ്ചരിക്കവേയാണ് കപ്പലിന് തീപിടിച്ചത്. പോര്‍ച്ചുഗീസ് നാവിക സേനയുടെയും വ്യോമസേനയുടെയും സഹായത്തോടെ കപ്പലിലുണ്ടായിരുന്ന 22 ക്രൂ അംഗങ്ങളെ രക്ഷപെടുത്തി. എന്നാല്‍ തീ നിയന്ത്രണ വിധേയമല്ലാത്തതിനാല്‍ കപ്പല്‍ കടലിലൂടെ ഒഴുകി നടക്കുകയാണ്.

കപ്പലിലെ നൂറിലധികം കാറുകളും ടെക്‌സസിലെ ഹൂസ്റ്റണിലേക്ക് കൊണ്ടുപോകുകയായിരുന്നു. കപ്പലില്‍ 3,965 കാറുകള്‍ ഉള്ളതായി വോക്‌സ് വാഗണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ആയിരത്തിലധികം പോര്‍ഷെ കാറുകളുണ്ട്. അപകടത്തെത്തുടര്‍ന്ന് ബുക്ക് ചെയ്ത വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ വൈകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version