അജ്ഞാത വൈറസ് ബാധിച്ച് ഒരു മരണം; 41 പേരില്‍ വൈറസിന്റെ ലക്ഷണം

ബെയ്ജിങ്: ചൈനയില്‍ അജ്ഞാത വൈറസ് ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന 61 വയസ്സുകാരനാണ് കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്. 41 പേരിലാണ് വൈറസിന്റെ ലക്ഷണം കണ്ടത്. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്.

ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ ആശുപത്രി വിട്ടതായും റിപ്പോര്‍ട്ടുണ്ട്. ജനുവരി മൂന്നിന് ശേഷം പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ മാസം അവസാനത്തോടെയാണ് മത്സ്യ-മാംസ മാര്‍ക്കറ്റിലെ ജോലിക്കാരനില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ അറിയിച്ചിരുന്നത്. എങ്കിലും കനത്ത ജാഗ്ര്തയിലായിരുന്നു ചൈന. അജ്ഞാത വൈറസ് രോഗം കാരണം ഒരാള്‍ മരിച്ചതോടെ ചൈനയിലെ ടൂറിസം രംഗത്ത് ഉള്‍പ്പെടെ ആശങ്ക വര്‍ധിച്ചു.

ജനുവരി 25 മുതല്‍ ചൈനയിലെ സ്പ്രിങ് ഫെസ്റ്റിവല്‍ ആരംഭിക്കാനിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. സ്പ്രിങ് ഫെസ്റ്റിവല്‍ സമയത്ത് ചൈനയിലെ മിക്കവരും വിനോദസഞ്ചാരത്തിനും കുടുംബസന്ദര്‍ശനത്തിനുമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് യാത്രചെയ്യുന്നത് പതിവാണ്. നിലവിലെ സാഹചര്യത്തില്‍ വൂഹാനില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കാന്‍ വിമാനത്താവളങ്ങളിലും റെയില്‍വ്വേസ്റ്റേഷനുകളിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി.

Exit mobile version