ജനസംഖ്യ കുറയുന്നു : കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് ആനുകൂല്യങ്ങളുമായി ചൈന

China | Bignewslive

ബെയ്ജിങ് : ജനസംഖ്യാ വര്‍ധനവില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് പുതിയ പദ്ധതികളുമായി ചൈന. കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് ആനുകൂല്യങ്ങളേര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍.

നികുതിയിളവുകള്‍, ഭവന വായ്പാ സഹായങ്ങള്‍, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് പുറമേ സാമ്പത്തിക സഹായവും നല്‍കാനാണ് തീരുമാനം. കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിന് രാജ്യത്തെ വനിതകളെ പ്രോത്‌സാഹിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ ജനസംഖ്യാ നയങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം വരെ ഒറ്റക്കുട്ടി നയമായിരുന്നു ചൈന നടപ്പാക്കിയിരുന്നത്. ഇതിന്റെ ഭാഗമായി നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും വന്ധ്യംകരണവും വരെ രാജ്യത്തുണ്ടായിരുന്നു. ഇക്കാരണങ്ങളാല്‍ നിലവില്‍ ജനസംഖ്യാപരമായ പ്രതിസന്ധിയിലാണ് രാജ്യം. ഒരു സ്ത്രീ മൂന്ന് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്നാണ് നിലവില്‍ ഭരണകൂടം ആവശ്യപ്പെടുന്നത്.

ജനുവരിയിലെ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം 2021 അവസാനം ചൈനയില്‍ 141 കോടി ജനങ്ങളുണ്ടായിരുന്നു. എന്നാലീ വര്‍ഷം തന്നെ നവജാതശിശുക്കളുടെ എണ്ണം ഒരുകോടിയായി കുറഞ്ഞു. ഇത് ചൈനയിലെ മരണനിരക്കിന് തുല്യമായി വരും. ഇത് തുടര്‍ന്നാല്‍ ജനസംഖ്യ കാര്യമായി കുറയുമെന്ന് മനസ്സിലാക്കിയതോടെയാണ് ആനുകൂല്യങ്ങളേര്‍പ്പെടുത്തി കൂടുതല്‍ കുട്ടികളുണ്ടാകുന്നത് പ്രോത്സാഹിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിക്കുന്നത്. ജനനനിരക്ക് കുറയുന്നത് തുടര്‍ന്നാല്‍ യുവജനങ്ങളുടെ എണ്ണം കുറയുകയും ഇത് വരും വര്‍ഷങ്ങളില്‍ ചൈനയിലെ തൊഴില്‍ മേഖലയെ കാര്യമായി ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമേ നിലവിലേര്‍പ്പെടുത്തിയിരിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. വിവാഹേതര ബന്ധങ്ങളിലൂടെ ഗര്‍ഭിണിയാകുന്നവരോട് കടുത്ത വേര്‍തിരിവ് കാട്ടുന്നുവെന്ന് പണ്ടു മുതലേ വിമര്‍ശനമുണ്ട്. ഇവര്‍ക്ക് പ്രസവാവധി പോലും ബാധകമല്ലെന്നാണ് വിവരം. പ്രസവസംബന്ധമായുള്ള മെഡിക്കല്‍ ആനുകൂല്യങ്ങളില്‍ നിന്നടക്കം
അവിവാഹിതരായ സ്ത്രീകള്‍ക്ക് വിലക്കുണ്ട്.

Also read : കാറ്റും മഴയും ഒന്നിച്ചെത്തി, ചിറകുകള്‍ ചേര്‍ത്ത് പിടിച്ച് പരസ്പരം തുണയായി പക്ഷികള്‍ : വീഡിയോ

അവിവാഹിതരായ മാതാപിതാക്കള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സും വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Exit mobile version