പാക്കിസ്ഥാനില്‍ അഫ്ഗാന്‍ അംബാസിഡറുടെ മകളെ തട്ടിക്കൊണ്ട് പോയി ക്രൂരമായി ഉപദ്രവിച്ചു

Afghanistan | Bignewslive

ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ അഫ്ഗാന്‍ അംബാസഡര്‍ നജീബ് അലിഖിലിന്റെ മകള്‍ സില്‍സില അലിഖിലിനെ അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചതായി റിപ്പോര്‍ട്ട്. മണിക്കൂറുകളോളം തടവില്‍ പാര്‍പ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നാണ് വിവരം.

ഇസ്ലാമാബാദില്‍ വെള്ളിയാഴ്ച കാറില്‍ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ സില്‍സിലയെ അക്രമികള്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നു. ശേഷം മണിക്കൂറുകളോളം തടവില്‍ പാര്‍പ്പിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്‌തെന്ന് അധികൃതര്‍ വ്യക്തമാക്കി.സംഭവത്തെ ശക്തമായി അപലപിച്ച അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം, പാക്കിസ്ഥാനിലെ തങ്ങളുടെ പ്രതിനിധികളുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയില്‍ വലിയ ആശങ്ക രേഖപ്പെടുത്തി. നയതന്ത്ര ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്താന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇരുപതുകാരിയായ സില്‍സില സഞ്ചരിച്ചിരുന്ന കാറില്‍ അക്രമികള്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നുവെന്ന് പാക്കിസ്ഥാന്‍ അധികൃതര്‍ പറഞ്ഞു. അക്രമികളില്‍ നിന്ന് മോചിതയായ ശേഷം ആശുപത്രിയില്‍ ചികിത്സ തേടിയ സില്‍സിലയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് പിതാവ് നജീബ് അലിഖില്‍ അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന് അംബാസഡറുടെ സുരക്ഷ പാക്കിസ്ഥാന്‍ കര്‍ശനമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിര്‍ദേശിച്ചതായി പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് അറിയിച്ചു.

Exit mobile version