‘ഫോട്ടോ എടുക്കല്ലേ’! പാപ്പാനോട് സങ്കടം പറഞ്ഞ് ആന, ആശ്വസിപ്പിച്ച് പാപ്പാനും; ഹൃദയം കവര്‍ന്ന് ആണ്ടാള്‍, വീഡിയോ

ഒരു ആനയും പാപ്പാനും തമ്മിലുള്ള സ്വകാര്യസംഭാഷണമാണ് സോഷ്യല്‍ലോകത്തിന്റെ മനം കവരുന്നത്. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്തുള്ള രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനയായ ആണ്ടാള്‍ ആണ് വൈറലായിരിക്കുന്നത്.

എല്ലാവരും തന്നെ നിര്‍ത്തിക്കൊണ്ട് ഫോട്ടോ എടുക്കുന്നതിലെ പരിഭവം പറയുകയാണ് ആണ്ടാള്‍. പാപ്പാന്റെ അടുത്ത് ചെന്ന് തന്റെ സങ്കടം ഉണര്‍ത്തിക്കുകയാണ് ആണ്ടാള്‍. ആനയുടെ ശബ്ദങ്ങളില്‍ നിന്നും അവള്‍ പറയുന്ന സങ്കടം പാപ്പാന് മനസ്സിലാക്കാന്‍ സാധിച്ചു.

പാപ്പാനും ആണ്ടാളും തമ്മിലുള്ള സംഭാഷണ ദൃശ്യമാണ് ആളുകളുടെ മനസ്സ് കീഴടക്കുന്നത്. പാപ്പാന്റെ ചോദ്യങ്ങള്‍ക്കെല്ലാം പ്രത്യേക ശബ്ദത്തില്‍ ആണ്ടാള്‍ മറുപടി പറയുന്നതും തലയാട്ടുകയും ചെയ്യുന്നുണ്ട്. നീണ്ട തുമ്പിക്കൈ സ്‌നേഹത്തോടെ തടവി ആനയുടെ സങ്കടം മാറ്റുകയാണ് പാപ്പാന്‍. ഇരുവരും തമ്മില്‍ രസകരമായ ആശയവിനിമയമാണ് ഈ വീഡിയോയെ ശ്രദ്ധേയമാക്കുന്നത്.

ഗണ്ണുപ്രേം എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഈ വീഡിയോ എന്ന് എപ്പോള്‍ പകര്‍ത്തി എന്ന കാര്യം വ്യക്തമല്ല. വീഡിയോ ഇതിനോടകം തന്നെ രണ്ട് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. ആണ്ടാളിന്റെ കൊഞ്ചലില്‍ മയങ്ങി വീഡിയോ റീട്വീറ്റ് ചെയ്തവരും ലൈക്ക് ചെയ്തവരും ആയിരക്കണക്കിനാണ്.

Exit mobile version