പൊട്ടിച്ചിരിപ്പിക്കാൻ ഇനി സിദ്ധിഖില്ല; സംവിധായകൻ സിദ്ധിഖ് വിടവാങ്ങി

കൊച്ചി: മലയാള സിനിമയിൽ ഒട്ടനവധി സിനിമകൾ ഒരുക്കിയ തിരക്കഥാകൃത്തും സിനിമാ സംവിധായകനുമായ സിദ്ധിഖ് (63) വിടവാങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാത്രി 9.15 ഓടെയായിരുന്നു മരണം സ്ഥിരീകരിച്ചത്. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് സിദ്ധിഖിന് ഹൃദയാഘാതം സംഭവിച്ചത്. നേരത്തെ ന്യൂമോണിയയും കരൾ രോഗബാധയും മൂലമാണ് സിദ്ധിഖ് ചികിത്സ തേടിയിരുന്നത്. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം സംഭവിച്ചത്.

നാളെ രാവിലെ ഒമ്പത് മുതൽ 12 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനത്തിന് എത്തിക്കും. ശേഷം വീട്ടിലെത്തിക്കുന്ന ഭൗതികദേഹം നാളെ വൈകീട്ട് ആറ് മണിക്ക് സെൻട്രൽ ജുമാ മസ്ജിദിൽ ഖബറടക്കും.

മൂന്ന് പതിറ്റാണ്ടോളം മലയാള സിനിമാ ലോകത്ത് സജീവമായിരുന്ന കലാകാരനാണ് സിദ്ധിഖ്. സിദ്ധിഖിനെ കുറിച്ച് പറയുമ്പോഴെല്ലാം കുട്ടിക്കാലം തൊട്ടേ സുഹൃത്തായി കൂടെയുണ്ടായിരുന്ന ലാലിനെ കുറിച്ചും പറയേണ്ടി വരും.

ഇരുവരുടെയും സംവിധാനത്തിലെത്തിയ ആദ്യ ചിത്രം റാംജി റാവു സ്പീക്കിങ് ആയിരുന്നു. 1989ൽ റിലീസ് ചെയ്ത, ചിരിക്ക് പ്രാധാന്യം നൽകിയ ഈ ചിത്രത്തിലൂടെ സായ് കുമാർ എന്ന നായകനേയും മലയാള സിനിമയ്ക്ക് ലഭിച്ചു. 1990ൽ ഇൻ ഹരിഹർ നഗർ, 1991ൽ ഗോഡ്ഫാദർ, 1992ൽ വിയറ്റ്‌നാംകോളനി,1993ൽ കാബൂളിവാല തുടങ്ങി തുടർച്ചയായ വർഷങ്ങളിൽ ഹിറ്റ് ചിത്രങ്ങൾ ഇവർ സമ്മാനിച്ചു.

പിൽക്കാലത്ത് സിദ്ദിഖും ലാലും വേർപിരിയുകയും സ്വതന്ത്ര സംവിധായകനായി സിദ്ധിഖ് തുടരുകയും ലാൽ നിർമ്മാണത്തിലേക്കും അഭിനയത്തിലേക്കും തിരിയുകയും ചെയ്തു. ലാൽ നടനായി തിളങ്ങിയപ്പോൾ സിദ്ധിഖ് അഭിനയ ലോകത്തേക്ക് സജീവമാകാതെ സംവിധായകനായി തന്നെ തുടർന്നു.

ALSO READ- പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥി; ഡൽഹിയിൽ നിന്നും അതിവേഗ തീരുമാനം

1996ൽ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ഹിറ്റ്‌ലർ സിനിമയിലൂടെയാണ് സിദ്ധിഖ് സ്വതന്ത്രസംവിധായകനായത്. ഈ ചിത്രത്തിൽ ലാൽ നിർമ്മാണ സഹായിയായി. പിന്നീട് സിദ്ധിഖ് 1999ൽ ഫ്രണ്ട്‌സ് എന്ന ഹിറ്റ് സിനിമ ഒരുക്കി. 2001ൽ ഇതേ പേരിൽ ചിത്രം തമിഴിലും സംവിധാനം ചെയ്തു. പിന്നീട് തമിഴിലും മലയാളത്തിലും ഹിന്ദിയിലുമായി ഒട്ടനേകം സിനിമകൾ സിദ്ധിഖിന്റേതായി പുറത്തുവന്നു. ഇതിനിടെ സിനിമകൾക്ക് കഥകളും, തിരക്കഥകളും എഴുതി. അവസാന ചിത്രം മോഹൻലാലിനെ നായകനാക്കി 2020ൽ സംവിധാനം ചെയ്ത ബിഗ്ബ്രദറാണ്.

ക്രോണിക് ബാച്ചിലർ, എങ്കൾ അണ്ണ(തമിഴ്),മാരോ, സാധുമിറാൻഡ, ലേഡീസ് ആന്റ് ജെൻഡിൽമാൻ,ബോഡിഗാർഡ്, ഭാസ്‌കർ ദ റാസ്‌കൽ, ഫുക്രി, ബിഗ് ബ്രദർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. അവസാന രണ്ട് ചിത്രങ്ങളുടേയും സഹനിർമ്മാതാവ് കൂടിയായിരുന്നു സിദ്ധിഖ്. 2016ൽ ലാൽ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത കിംഗ്‌ലയർ ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത് സിദ്ധിഖ് ആയിരുന്നു.

കൊച്ചിയിൽ 1954 ഓഗസ്റ്റ് ഒന്നിന് ഇസ്മായിൽ ഹാജിയുടേയും സൈനബയുടേയും മകനായിട്ടാണ് സിദ്ധിഖ് ജനിച്ചത്. കൊച്ചിയിലെ പ്രാദേശിക സ്‌കൂളുകളിലും കളമശേരി സെന്റ്.പോൾസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. 1984ൽ ബന്ധുകൂടിയായ സാജിതയെ വിവാഹം ചെയ്തു. സുമയ്യ, സാറ, സുകൂൻ എന്നിങ്ങനെ മൂന്ന് പെൺമക്കളാണ് ദമ്പതികൾക്ക്.

Exit mobile version