അതിരുവിട്ട് വനിതാ ഉദ്യോഗസ്ഥരുടെ പോര്; രോഹിണി ഐഎഎസിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് ഡി. രൂപ ഐപിഎസ്

ബംഗളൂരു: ഐപിഎസ്-ഐഎഎസ് വനിതാ ഉദ്യോഗസ്ഥർ കർണാടകയിൽ പോരെടുക്കുന്നത് മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. ഐപിഎസ് ഓഫീസറായ ഡി രൂപ ഐഎഎസ് ഓഫീസറായ രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങൾ പുറത്തുവിട്ടു. അതിരുകടന്ന പോരിൽ സംസ്ഥാനത്തിനും നാണക്കേടായി.

ദേവസ്വം കമ്മിഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങൾ ഐപിഎസ് ഓഫിസറും കർണാടക കരകൗശല വികസന കോർപറേഷൻ എംഡിയുമായ ഡി രൂപ ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

ഈ ചിത്രങ്ങൾ രോഹിണി പുരുഷ ഐഎഎസ് ഓഫിസർമാർക്കു അയച്ചതാണെന്നാണ് രൂപ ആരോപിക്കുന്നത്. എന്നാൽ, തന്റെ വാട്‌സാപ് സ്റ്റാറ്റസിൽ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണു വ്യക്തിഹത്യ ചെയ്യാൻ രൂപ പോസ്റ്റ് ചെയ്തതെന്നാണ് രോഹിണി പറയുന്നത്. കൂടാതെ, നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു.

മൈസൂരു കലക്ടറായിരുന്നു മുൻപി രോഹിണി. അന്ന് 2021ൽ മൈസൂരു കെആർ നഗറിൽ നിന്നുള്ള ദൾ എംഎൽഎയും മുൻ മന്ത്രിയുമായ സ.ര മഹേഷിന്റെ സ.ര കൺവൻഷൻ ഹാൾ മഴവെള്ളക്കനാൽ കയ്യേറി നിർമിച്ചതാണെന്നു രോഹിണി റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെ മഹേഷ് ഒരു കോടി രൂപയുടെ അപകീർത്തിക്കേസ് നൽകിയിരുന്നു.

also read- ബിജുകുര്യൻ മുങ്ങിയത് ആസൂത്രിതമായി; ഇസ്രയേലിൽ കാണാതായ കർഷകന് എതിരെ നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്

ഈ കേകസ് ഒതുക്കിത്തീർക്കാൻ രോഹിണി മഹേഷിനെ കണ്ടു ചർച്ച നടത്തിയെന്ന ആരോപണത്തിനിടെയാണ് ഡി രൂപ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. കോവിഡ് കാലത്തു ചാമരാജ്‌പേട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഓക്‌സിജൻ കിട്ടാതെ 24 പേർ മരിക്കാനിടയായ സംഭവത്തിൽ, മൈസൂരു കളക്ടറെന്ന നിലയിൽ ഓക്‌സിജൻ സിലിണ്ടറുകൾ എത്തിക്കുന്നതിൽ രോഹിണി കൃത്യവിലോപം കാട്ടിയെന്നും രൂപ ആരോപിക്കുന്നുണ്ട്.


പ്രിസൺസ് ഡിഐജിയായിരിക്കെ ഡി രൂപ നൽകിയ റിപ്പോർട്ട് ഏറെ ചർച്ചയായിരുന്നു. അന്ന് ജയിൽ അഴിമതികളിൽ സർക്കാർ കർശനനടപടി സ്വീകരിച്ചിരുന്നു. ജെ ജയലളിതയുടെ സുഹൃത്തായിരുന്ന വികെ ശശികലയ്ക്കു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൈക്കൂലി വാങ്ങി വിഐപി പരിഗണന ഒരുക്കിയെന്ന സംഭവം പുറത്തുവന്നത് ഡി രൂപയുടെ റിപ്പോർട്ടിനെ തുടർന്നായിരുന്നു.

Exit mobile version