സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇടുക്കി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ഇടുക്കി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇടുക്കി ചക്കുപളളം ചിറ്റാമ്പാറ സ്വദേശി തങ്കരാജാണ് മരിച്ചത്. അന്‍പത് വയസായിരുന്നു. കടുത്ത ഹൃദ്രോഗിയായ തങ്കരാജിന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹൃദ്രോഗിയായ ഇയാള്‍ ഒരു കൊല്ലത്തോളമായി ചികിത്സയിലായിരുന്നു.

അതേസമയം കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്നുവെങ്കിലും ഹൃദയാഘാതം മൂലമാണ് ഇയാള്‍ മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിനാല്‍ ഇതൊരു കൊവിഡ് മരണമായി സ്ഥിരീകരിക്കുക കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമായിരിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

സാംപിള്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ന് രാവിലെയാണ് ഇയാളെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഇദ്ദേഹം മരണപ്പെടുകയായിരുന്നു. തമിഴ്‌നാട്ടിലെ ഗൂഢല്ലൂരില്‍ നിന്നും എട്ടാം തീയതിയാണ് ഇയാള്‍ കേരളത്തിലേക്ക് എത്തിയത്. ഇദ്ദേഹത്തിന്റെ മരുമകള്‍ക്ക് മിനിഞ്ഞാന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മരണം കൊവിഡ് മരണത്തില്‍ കൂട്ടിയാല്‍ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 44 ആയി ഉയരും.

Exit mobile version