കോപ്പ അമേരിക്ക; ചിലിയെ അട്ടിമറിച്ച് പെറു ഫൈനലില്‍; ഫൈനലില്‍ എത്തുന്നത് 44 വര്‍ഷങ്ങള്‍ക്ക് ശേഷം

ഫൈനലില്‍ പെറു ബ്രസീലിനെ നേരിടും

പോര്‍ട്ടോ അലെഗ്രോ: കോപ്പാ അമേരിക്കയില്‍ ചിലിയെ അട്ടിമറിച്ച് പെറു ഫൈനലില്‍. തുടരെ രണ്ട് വട്ടം കിരീടം നേടിയ നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ ചിലിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പെറു ഫൈനലില്‍ കയറിയത്.

എഡിസണ്‍ ഫ്‌ലോറിസ്, യോഷിമര്‍ യോടുന്‍, പൗലോ ഗുറേറോ എന്നിവരാണ് പെറുവിനായി ഗോളുകള്‍ നേടിയത്. 21ാം മിനുട്ടില്‍ എഡിസണ്‍ ഫ്‌ലോറിസ് ആദ്യ ഗോള്‍ നേടി. പിന്നാലെ 38ാം മിനിറ്റില്‍ യോഷിമര്‍ യോടുന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ ശേഷിക്കെ പൗലോ ഗുറേറോയുടെ വകയായിരുന്നു മൂന്നാം ഗോള്‍. 1975ന് ശേഷം ഇതാദ്യമായാണ് പെറു ഫൈനലില്‍ എത്തുന്നത്.

ഫൈനലില്‍ പെറു ബ്രസീലിനെ നേരിടും. മാരക്കാനയില്‍ ഞായറാഴ്ചയാണ് കളി നടക്കുന്നത്. മൂന്നാം സ്ഥാനത്തിനായി അര്‍ജന്റീന- ചിലി പോരാട്ടം ശനിയാഴ്ചയും അരങ്ങേറും.

Exit mobile version