‘ലയണല്‍ മെസി, രോഹിണി നക്ഷത്രം ഭാഗ്യസൂക്തവും പുഷ്പാഞ്ജലിയും’; ജയത്തിന് വേണ്ടി വഴിപാടുകളുമായി മലയാളി ആരോധകര്‍

മലപ്പുറം: കോപ്പ അമേരിക്കയില്‍ ആര് മുത്തമിടും? ബ്രസീലോ അതോ അര്‍ജന്റീനയോ? ഞായറാഴ്ച രാവിലെയാണ് സ്വപ്ന ഫൈനല്‍. നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ അര്‍ജന്റീനയെ നേരിടുന്ന സ്വപ്ന ഫൈനല്‍ കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍.

അതേസമയം, അര്‍ജന്റീനയുടെ ജയത്തിന് വേണ്ടി മലയാളി ആരാധകര്‍ വഴിപാട് കഴിപ്പിച്ചിരിക്കുന്നതിന്റെ രസീതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മലപ്പുറത്തെ ശ്രീ തൃപുരാന്തക ക്ഷേത്രത്തിലും ആലപ്പുഴ ചേര്‍ത്തല തൈക്കാട്ടുശേരി പുന്നക്കീഴില്‍ ശ്രീഭഗവതി ക്ഷേത്രത്തിലുമാണ് വഴിപാടാക്കിയിരിക്കുന്നത്.

തൃപുരാന്തക ക്ഷേത്രത്തില്‍ ശനിയാഴ്ച അര്‍ജന്റീനയുടെ പേരിലും, മെസിയുടെ പേരിലും ഒരോ പുഷ്പാഞ്ജലിയാണ് കഴിച്ചിരിക്കുന്നത്. തെക്കാട്ടുശ്ശേരിയിലെ അമ്പലത്തില്‍ അര്‍ജന്റീനന്‍ ആരാധകര്‍ മെസിയുടെ നക്ഷത്രം അടക്കം പറഞ്ഞാണ് വഴിപാട് കഴിച്ചിരിക്കുന്നത്.

രോഹിണിയാണത്രെ മെസിയുടെ നക്ഷത്രം, പുഷ്പാഞ്ജലിക്ക് പുറമേ ഭാഗ്യസൂക്തവും ഇവിടുത്തെ ആരാധകര്‍ കഴിപ്പിച്ചിട്ടുണ്ട്.

അതേസമയം, മാറക്കാനയില്‍ അര്‍ജന്റീനയും, ബ്രസീലും തമ്മില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ സ്വപ്നഫൈനലില്‍ സ്റ്റേഡിയം കപ്പാസിറ്റിയുടെ 10 ശതമാനം ആള്‍ക്കാര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

ടൂര്‍ണമെന്റിന്റെ സംഘാടകരായ കോണ്‍മെബോളിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചു കൊണ്ടാണ് 10 ശതമാനം കാണികള്‍ക്ക് ചരിത്ര മത്സരത്തിലേക്ക് പ്രാദേശിക സര്‍ക്കാര്‍ പ്രവേശനം അനുവദിച്ചത്. എന്നാല്‍ ബ്രസീലില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ മത്സരം കാണാന്‍ അനുവാദമുണ്ടാകൂ.

സ്റ്റേഡിയത്തില്‍ ആകെ ഉള്‍ക്കൊള്ളാവുന്നതിന്റെ 10 ശതമാനം പേര്‍ക്കാണ് പ്രവേശനം അനുവദിക്കുകയെന്ന് റിയോ ഡി ജനൈറോ മേയറുടെ ഓഫീസ് വെള്ളിയാഴ്ച അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് കിരീടപോരാട്ടം നടക്കുന്നത്.

Exit mobile version