ബാലണ്‍ ഡി’ഓര്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം; ഒരേയൊരു അര്‍ജന്റീനക്കാരന്‍; എട്ടാം പുരസ്‌കാര നിറവില്‍ ലയണല്‍ മെസി

പാരീസ്: 2023ലെ ബാലണ്‍ ഡി’ ഓര്‍ പുരസ്‌കാര നേട്ടത്തില്‍ എട്ടാം തവണയും കൈയ്യൊപ്പ് ചാര്‍ത്തി അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസി. മൊഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ടിനെ മറികടന്നാണ് മെസിയുടെ എട്ടാമത്തെ ബാലണ്‍ ഡി’ ഓര്‍ പുരസ്‌കാര നേട്ടം.

ഈ നേട്ടത്തോടെ ബാലണ്‍ ഡി’ ഓര്‍ സ്വന്തമാക്കുന്ന പ്രായമേറിയ താരമെന്നഖ്യാതിയും മെസിക്ക് സ്വന്തമായി. ഖത്തറില്‍ കഴിഞ്ഞവര്‍ഷം നടന്ന ലോകകപ്പില്‍ അര്‍ജജന്റീനയെ കിരീട നേട്ടത്തിലേക്ക് എത്തിച്ചതാണ് മെസിക്ക് ബാലണ്‍ ഡി’ ഓര്‍ കിരീടത്തിന് തുണയായത്. കഴിഞ്ഞ സീസണില്‍ 41 ഗോളും 26 അസിസ്റ്റും നേടി.

2009, 2010, 2011, 2012, 2015, 2019, 2021 വര്‍ഷങ്ങളിലും മെസിക്കായിരുന്നു ബാലണ്‍ ഡി’ഓര്‍ പുരസ്‌കാരം. അഞ്ചുതവണ രണ്ടാം സ്ഥാനത്തും മെസി എത്തിയിരുന്നു. ഈ പുരസ്‌കാരം നേടിയ ഏക അര്‍ജന്റീനയുടെ താരവും മെസിയാണ്.

30 അംഗ നോമിനേഷന്‍ ലിസ്റ്റ് പുറത്തെത്തിയപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത് ലയണല്‍ മെസ്സിക്കും എര്‍ലിങ് ഹാളണ്ടിനുമായിരുന്നു. ബാഴ്സലോണയിലെയും സ്പെയിനിലെയും മികച്ച പ്രകടനത്തിന് മധ്യനിരതാരം ഐതാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത്.
ALSO READ- വരും മണിക്കൂറില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ, ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത, മുന്നറിയിപ്പ്
ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമിനെ മികച്ച യുവതാരമായി തിരഞ്ഞെടുത്തു. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ലെവ് യാഷിന്‍ ട്രോഫി അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസിന് ലഭിച്ചു. സോക്രട്ടീസ് പുരസ്‌കാരം വിനീഷ്യസ് ജൂനിയറിനും മികച്ച സ്ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫി എര്‍ലിങ് ഹാളണ്ടിനും ലഭിച്ചു. മികച്ച പുരുഷ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയും വനിതാ ക്ലബ് ബാഴ്സലോണ എഫ്‌സിയുമാണ്.

Exit mobile version