ഫിഫയുടെ കണ്ണുരുട്ടലിന് ഒടുവിൽ വഴങ്ങി; ഇറാനിൽ ഇനി സ്ത്രീകൾക്ക് സ്‌റ്റേഡിയത്തിൽ ഫുട്‌ബോൾ മത്സരം കാണാം, നിരോധനം പിൻവലിക്കുന്നു

ടെഹ്‌റാൻ: ഏറെ പ്രതിഷേധങ്ങൾക്കും ഫിഫയുടെ സമ്മർദ്ദത്തിനും ഒടുവിൽ വഴങ്ങി ഇറാനിലെ ഭരണകൂടം. ഇറാനിൽ ഇനി വനിതകൾക്ക് പുരുഷന്മാരുടെ ഫുട്‌ബോൾ മത്സരങ്ങൾ ഉൾപ്പടെ സ്റ്റേഡിയത്തിലെത്തി തന്നെ കാണാം. 1979 ലെ ഇസ്‌ലാമിക വിപ്ലവത്തിനു പിന്നാലെയാണ് സ്റ്റേഡിയത്തിലും മറ്റും നടക്കുന്ന പുരുഷൻമാരുടെ മത്സരം വനിതകൾ കാണുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.

ഈ വിലക്ക് നീക്കാനായി ലോക ഫുട്‌ബോൾ ഭരണസമിതി ‘ഫിഫ’ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. ലോകകപ്പ് മത്സരങ്ങൾ കളിച്ച ലോകോത്തര ടീം സ്വന്തം രാജ്യത്തുണ്ടായിട്ടും അതേ രാജ്യത്തെ വനിതകൾക്ക് അവരുടെ മത്സരം കാണാൻ ഭാഗ്യമുണ്ടായിരുന്നില്ല.

ഒടുവിലിതാ ഫിഫയുടെ സമ്മർദവും ‘ഓപ്പൺ സ്റ്റേഡിയംസ്’ എന്ന പേരിൽ നടന്നുവന്ന ക്യാംപയിനും വിജയം കണ്ടിരിക്കുകയാണ്. ടെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തിൽ 3 വനിതകൾ കളി കാണാനെത്തിയതിന്റെ ചിത്രം ‘ഓപ്പൺ സ്റ്റേഡിയംസ്’ പുറത്തുവിട്ടതോടെയാണ് നിരോധനം അവസാനിച്ച വാർത്ത പുറംലോകം അറിഞ്ഞത്.

ഇറാനിലെ ഈ പുതിയ മാറ്റത്തെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫെന്റിനോ പ്രശംസിച്ചു. ഇനി വരുന്ന ആസാദി സ്റ്റേഡിയത്തിലെ പ്രമുഖ ക്ലബുകളായ പെർസിപോളിസും എസ്റ്റിഗലാലും തമ്മിൽ നടക്കുന്ന മത്സരം കാണാൻ 3000 വനിതകൾക്ക് ടിക്കറ്റ് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ALSO READ- കുവൈറ്റ് അമീര്‍ ശൈഖ് നവാഫ് അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ അന്തരിച്ചു, വിടവാങ്ങിയത് ചികിത്സയില്‍ കഴിയവെ

ഫിഫയുടെ സമ്മർദ്ദത്തെ തുടർന്ന് 2018 ൽ ടെഹ്‌റാനിൽ നടന്ന ഏഷ്യൻ ചാംപ്യൻസ് ലീഗ് ഫൈനൽ കാണാൻ ഏതാനും വനിതകൾക്ക് അവസരം നൽകിയിരുന്നു. എന്നാൽ, അവരെ സദാചാര പോലീസും മതമൗലികവാദികളും ചേർന്ന് പഉപദ്രവിച്ചത് വലിയ നാണക്കേടായിരുന്നു. കാണികളായെത്തിയ വനിതകളെ സ്റ്റേഡിയത്തിനു പുറത്ത് മുളക് സ്‌പ്രേ ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരികയായിരുന്നു.

Exit mobile version