അനാവശ്യമായി ചൊറിയാൻ വന്നാ നമ്മളങ്ങ് കേറി മാന്തുമെന്ന് മണി ആശാൻ! അർജന്റീനയുടെ വിജയവും ലയണൽ മെസിയുടെ കിരീടധാരണവും എത്രമാത്രം സുന്ദരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 28 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ അർജന്റീന ഒരു കപ്പിൽ മുത്തമിടുമ്പോൾ അർജന്റീനയുടെ തെരുവുകളിലെ അതേ ആവേശം കേരളക്കരയിലും ആഞ്ഞടിക്കുകയാണ്. ബദ്ധശത്രുക്കളായ ബ്രസീൽ-അർജന്റീന ടീമുകളുടെ ആരാധകർ വലിയ വാക്‌പോരിലുമായിരുന്നു. ബെറ്റ് വെയ്ക്കലും വെല്ലുവിളിയും ഒക്കെയായി ഫൈനലിന് മുമ്പ് തന്നെ ആരാധകർ കളം നിറഞ്ഞിരുന്നു. ഇപ്പോഴിതാ അർജന്റീന കോപ്പ അമേരിക്ക കപ്പ് നേടിയതോടെ നീലപ്പയും വെള്ളയും ജേഴ്‌സി സോഷ്യൽമീഡിയയിൽ നിറയുകയാണ്. ആഘോഷങ്ങൾക്ക് കോവിഡ് വിലക്കായതോടെ സോഷ്യൽമീഡിയയിലാണ് സന്തോഷം പങ്കുവെയ്ക്കൽ.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എംബി രാജേഷും അടക്കമുള്ളവർ അർജന്റാനയുടെ വിജയത്തിൽ അഭിനന്ദനം രേഖപ്പെടുത്തുകയാണ്. അതേസമയം, ബ്രസീൽ ആരാധകരായ കടകംപള്ളി സുരേന്ദ്രനേയും മന്ത്രി വി ശിവൻ കുട്ടിയേയും വെല്ലുവിളിക്കുകയാണ് അർജന്റീന ആരാധകനായ മുൻമന്ത്രി എംഎം മണി. നമ്മളെ അനാവശ്യമായി ചൊറിയാൻ വന്നാ നമ്മളങ്ങ് കേറി മാന്തും. അല്ല പിന്നെ! എന്നാണ് മണി ആശാന്റെ പ്രതികരണം.

മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം: കിട്ടിയ അവസരം അർജെന്റീന മുതലാക്കി..ആക്രമണങ്ങൾ നിരവധി നടത്തിയെങ്കിലും ബ്രസീലിന് ഗോൾവല ചലിപ്പിക്കാനായില്ല…മണി ആശാനും അർജെന്റീന ഫാൻസിനും ആശംസകൾ.. തോൽവി വിജയത്തിലേക്കുള്ള വഴികാട്ടി ആണ്.. ഒന്ന് കൂടി…മെസ്സി രാജ്യത്തിന് വേണ്ടി ഒരു മേജർ കിരീടം അർഹിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്:

അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്‌ബോളിന്റെ സൗന്ദര്യം. അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ ലക്ഷക്കണക്കിനാളുകൾ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനൽ മൽസരം ആ യാഥാർത്ഥ്യത്തിന് അടിവരയിടുന്നു. വാശിയേറിയ മത്സരത്തിൽ യഥാർത്ഥത്തിൽ വിജയിച്ചത് ഫുട്‌ബോൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്‌പോർട്‌സ്മാൻ സ്പിരിറ്റുമാണ്. അർജന്റീനയുടെ വിജയവും ലയണൽ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം! ഫുട്‌ബോൾ എന്ന ഏറ്റവും ജനകീയമായ കായികവിനോദത്തിന്റെ സത്ത ഉയർത്തിപ്പിടിക്കാൻ നമുക്കാകട്ടെ. ഫുട്‌ബോൾ ആരാധകരുടെ സന്തോഷത്തിൽ കൂട്ടത്തിലൊരാളായി പങ്കു ചേരുന്നു.

സ്പീക്കർ എംബി രാജേഷിന്റെ കുറിപ്പ്:

ഒടുവിൽ ലയണൽ മെസ്സി അതു നേടി! അന്താരാഷ്ട്ര കരിയറിൻ്റെ പതിനാറാം വർഷത്തിൽ, ലോകഫുട്ബാളിൻ്റെ, ബ്രസീലിൻ്റെ തട്ടകമായ മറാക്കാനയിൽ, മെസ്സി തൻ്റെ പ്രതിഭയോട് നീതി പുലർത്തി. ഇത്തവണ കോപ്പ മെസ്സിക്കായി അർജൻ്റീനക്ക് ജയിച്ചേ തീരുമായിരുന്നുള്ളൂ. ഈ കോപ്പ മാറഡോണയുടെ മരിക്കാത്ത ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കാം.
അർജൻ്റീനയുടെ, മെസിയുടെ വിജയത്തിൽ ആഹ്ലാദം. അപ്പോഴും ഒരു ചെറിയ നിരാശയുണ്ട്. കളിയുടെ അവാസന നിമിഷങ്ങളിൽ മെസി പാഴാക്കിയ സുവർണാവസരത്തെക്കുറിച്ചോർത്ത്. ആ ഗോളിലൂടെ സ്വന്തം മുദ്ര പതിപ്പിച്ചു കൊണ്ടായിരുന്നു കോപ്പ വിജയം എങ്കിൽ അതിഗംഭീരമായ പര്യവസാനമായേനെ.ആർക്കറിയാം അത് ഖത്തർ ലോകകപ്പിൽ സംഭവിക്കാനിരിക്കുന്നതാണെങ്കിലോ?
മെസിക്കൊപ്പം രണ്ടു പേരെക്കൂടി പരാമർശിക്കാതെ വയ്യ. ഉജ്ജ്വലമായ സേവുകളിലൂടെ കോട്ടയും കോപ്പയും കാത്ത ഗോൾകീപ്പർ മാർട്ടിനെസിനേയും ഇന്നത്തെ അതുല്യമായ ഗോളിലൂടെ കോപ്പ നിറച്ച ഡി മരിയയേയും.
വാമോസ് അർജൻ്റീനാ !

Exit mobile version