കണ്ണീരണിഞ്ഞ് നെയ്മര്‍, ‘സഹോദരനെ’ നെഞ്ചോടുചേര്‍ത്ത് ആശ്വസിപ്പിച്ച് മെസ്സി; കൈയ്യടിച്ച് ആരാധകര്‍

ബ്രസീല്‍: കോപ്പ അമേരിക്ക കിരീടം ചൂടിയ അര്‍ജന്റീന ടീം മാരക്കാന സ്റ്റേഡിയത്തില്‍ ആനന്ദനൃത്തം ചവിട്ടുമ്പോള്‍ സങ്കടം സഹിക്കാനാകാതെ കരഞ്ഞ ബ്രസീല്‍ താരം നെയ്മറെ ആശ്വസിപ്പിച്ച് അര്‍ജന്റീനാ താരം ലണയല്‍ മെസ്സി. സഹോദര തുല്ല്യനായ നെയ്മറെ തോളോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചാണ് മെസ്സി ആശ്വസിപ്പിച്ചത്.

ദേശീയ ടീമിനൊപ്പമുള്ള ആദ്യത്തെ അന്താരാഷ്ട്ര കിരീടമെന്ന സ്വപ്നം 34ാം വയസ്സില്‍ യാഥാര്‍ഥ്യമായതില്‍ മെസ്സി ആനന്ദാശ്രു പൊഴിക്കവെയാണ് കിരീടം കൈവിട്ടുപോയതിന്റെ കണ്ണീരുമായി നെയ്മറെത്തിയത്.

ഫൈനലില്‍ ഒരൊറ്റ ഗോളിന് ബ്രസീലിനെ തോല്‍പ്പിച്ച് അര്‍ജന്റീന കിരീടം നേടിയിരുന്നു. മത്സരശേഷം ഗ്രൗണ്ടില്‍ ആഘോഷിക്കുകയായിരുന്ന അര്‍ജന്റീന ടീമിന് അടുത്തേക്ക് നെയ്മര്‍ വരികയായിരുന്നു. മെസ്സിയെ അന്വേഷിച്ചാണ് നെയ്മര്‍ വന്നത്. നെയ്മറെ കണ്ടയുടനെ ആഘോഷം നിര്‍ത്തി അടുത്തെത്തി മെസ്സി കെട്ടിപ്പിടിച്ചു.

ബ്രസീല്‍- അര്‍ജന്റീന പോരാട്ടങ്ങളുടെ ചരിത്രമെടുത്താല്‍ ഫുട്ബോള്‍ പ്രേമികള്‍ക്കു ഇതുപോലെയുള്ള മുഹൂര്‍ത്തങ്ങള്‍ കാണാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും അപ്പുറമാണ് സൗഹൃദമെന്ന് ഇരുവരുടെയും ഈ സ്നേഹപ്രകടനം നമുക്ക് കാണിച്ചുതരുന്നു.

2019ലെ കോപ്പയില്‍ ബ്രസീല്‍ ജേതാക്കളായപ്പോള്‍ നെയ്മര്‍ ടീമില്‍ ഇല്ലായിരുന്നു. പരിക്കു കാരണമായിരുന്നു അദ്ദേഹത്തിന് പുറത്തിരിക്കേണ്ടിവന്നത്. അതുകൊണ്ടു തന്നെ ഇത്തവണ വീണ്ടും നാട്ടില്‍ ടൂര്‍ണമെന്റ് വിരുന്നെത്തിയപ്പോള്‍ നെയ്മര്‍ ടീമിനൊപ്പം കിരീടമധുരം നുകരാമെന്ന ആത്മവിശ്വാസത്തിലും പ്രതീക്ഷയിലുമായിരുന്നു. ദേശീയ ടീമിനൊപ്പം ഒരു അന്താരാഷ്ട്ര കിരീടം പോലും നെയ്മര്‍ക്കു ഇനിയും നേടാനായിട്ടില്ല.

മുമ്പ് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍ ഒരുമിച്ചു കളിച്ചപ്പോഴുള്ള സൗഹൃദമായിരുന്നു ആ ആലിംഗനത്തിന് പിന്നില്‍. ഇതിന്റെ വീഡിയോ നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എയ്ഞ്ചല്‍ ഡി മരിയ നേടിയ ഒരൊറ്റ ഗോളിലാണ് അര്‍ജന്റീന ബ്രസീലിനെ തോല്‍പ്പിച്ചത്. അര്‍ജന്റീനാ ജഴ്സിയില്‍ മെസ്സിയുടെ കരിയറിലെ ആദ്യ കിരീടനേട്ടം കൂടിയാണിത്.

Exit mobile version