പിടി ഉഷയാണ് പ്രിയ താരം; തനിക്ക് പിടി ഉഷയെ പോലെയാകണമെന്നും പിയു ചിത്ര

ഭാവിയില്‍ പിടി ഉഷയെപ്പോലെ രാജ്യം മുഴുവന്‍ അറിയപ്പെടുന്നൊരു അത്‌ലറ്റാവുകയാണ് സ്വപ്നമെന്നു താരം

കോഴിക്കോട്: താന്‍ ഇഷ്ടപ്പെടുന്ന കായികതാരം പിടി ഉഷയാണെന്ന് അന്താരാഷ്ട്ര അത്‌ലറ്റും ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവുമായ പിയു ചിത്ര. ഭാവിയില്‍ പിടി ഉഷയെപ്പോലെ രാജ്യം മുഴുവന്‍ അറിയപ്പെടുന്നൊരു അത്‌ലറ്റാവുകയാണ് സ്വപ്നമെന്നു താരം വെളിപ്പെടുത്തി. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

നേരത്തെ, 2017ലെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സംഘത്തില്‍ ചിത്രക്ക് അവസരം ലഭിച്ചിരുന്നില്ല. ഇതിന് പിന്നില്‍ ഉഷയാണെന്ന് ആരോപണം ഉയര്‍ന്നത് ഏറെ വിവാദത്തിന് കാരണമായിരുന്നു. ടീമിലിടം അര്‍ഹതപ്പെട്ടതാണ് എന്ന് ചൂണ്ടിക്കാണിച്ച്‌ ചിത്ര ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കൊച്ചിയിലെ പിടി ഉഷ റോഡ് പിയു ചിത്ര റോഡ് എന്ന് പ്രതിഷേധക്കാര്‍ പുനര്‍നാമകരണം ചെയ്യുകവരെയുണ്ടായി. അന്ന് പുറത്തായതില്‍ വേദനയുണ്ടെന്ന് മാത്രം വ്യക്തമാക്കുന്ന താരം പക്ഷെ ഈ വിഷയത്തില്‍ ഉഷക്കെതിരെ പ്രതികരിക്കാന്‍ തയ്യാറായില്ല.

”സ്‌കൂള്‍ മീറ്റില്‍ ആദ്യമായി സ്വര്‍ണം നേടി കിതപ്പ് മാറും മുമ്പ് എന്നെ പൊതിഞ്ഞ മാധ്യമപ്രവര്‍ത്തകരിലൊരാള്‍ ആരെപ്പോലെയാവാനാണ് ആഗ്രഹമെന്ന് ചോദിച്ചത് ഇപ്പോഴും ഓര്‍മ്മയുണ്ട്. പിടി ഉഷ എന്നായിരുന്നു എന്റെ മറുപടി. ഞാനാദ്യമായി കേട്ടറിഞ്ഞ ഓട്ടക്കാരി. ആരാണ് പിടി ഉഷയെന്ന് ആരും ചോദിക്കാറില്ല. കാരണം ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ അവരെ അറിയാം. കാലം പല പേരുകളും മായ്ച്ചു കളഞ്ഞെങ്കിലും ഉഷ ഇന്നും എല്ലാവരുടെയും മനസ്സിലുണ്ട്. ഇതുപോലെ എന്നെന്നും കായികപ്രേമികളുടെ ഉള്ളില്‍ ട്രാക്ക് നിറഞ്ഞുനില്‍ക്കുന്നൊരു അത്‌ലറ്റ് എന്ന സ്വപ്നത്തിന് പിന്നാലെ ഞാനും ഓട്ടം തുടരുകയാണ്.”- ചിത്രയുടെ വാക്കുകള്‍ ഇങ്ങനെ.

Exit mobile version