‘ഒരിക്കലും പ്രതീക്ഷിച്ചില്ല ലാസ്റ്റ് ബോള്‍ മിസ് ചെയ്യുമെന്ന്; ധോണി ശരിക്കും ഞങ്ങളെ വിരട്ടി’; ഒരു റണ്‍ വിജയത്തില്‍ ആശ്ചര്യം വിടാതെ കോഹ്ലി

ബംഗളൂരു: ഐപിഎല്‍ 12ാം സീസണിലെ തന്നെ ഏറ്റവും ത്രസിപ്പിക്കുന്ന മത്സരമായിരുന്നു ഇന്നലത്തേത്. ചെന്നൈ സൂപ്പര്‍ കിങ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് പരാജയപ്പെട്ടത് അവസാന പന്തിലായിരുന്നു. അതും ഒരു റണ്‍സിന്. പന്ത് മിസാക്കിയതാകട്ടെ സാക്ഷാല്‍ എംഎസ് ധോണിയും. എങ്കിലും 48 പന്തില്‍ 84 റണ്‍സുമായി ധോണി പുറത്താകാതെ നിന്നു.നിര്‍ണായക ഘട്ടത്തില്‍ കളി സ്വന്തം വരുതിയിലാക്കാന്‍ ശേഷിയുള്ള ധോണി ഈ മത്സരം ഒരു റണ്‍സിന് കൈവിട്ട് കളയുമെന്ന് ആരാധകര്‍ പോലും കരുതിയിരുന്നില്ല. അതേ അഭിപ്രായമാണ് ബാംഗ്ലൂര്‍ നായകന്‍ കോഹ്‌ലിയും പങ്കുവെച്ചത്.

ജയിച്ചെങ്കിലും ധോണി ശരിക്കും വിറപ്പിച്ചെന്നും അവസാന പന്തിലായിരുന്നു എല്ലാ പ്രതീക്ഷയും. അത് ധോണി കൈവിട്ട് കളയുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കോഹ്‌ലി പറയുന്നു. പത്തൊമ്പതാം ഓവര്‍ വരെ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ മോശമല്ലാത്ത രീതിയിലാണ് പന്തെറിഞ്ഞതെന്നും മത്സരശേഷം കോഹ്‌ലി പറഞ്ഞു.

‘മഞ്ഞുവീഴ്ച കാരണം ബൗളര്‍മാര്‍ക്ക് പന്ത് ഗ്രിപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിട്ടും 160 റണ്‍സ് പ്രതിരോധിക്കാന്‍ അവസാന ഓവര്‍ വരെ ഞങ്ങള്‍ക്കായി. പക്ഷെ ഉമേഷ് എറിഞ്ഞ അവസാന ഓവറില്‍ കാര്യങ്ങള്‍ കൈവിട്ടു. അവസാന പന്തില്‍ അത് സംഭവിക്കരുതെ എന്നായിരുന്നു എന്റെ ആഗ്രഹം. ധോണി പതിവുപോലെ അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ മികച്ച രീതിയില്‍ ചെയ്തു. പക്ഷെ അദ്ദേഹത്തിന്റെ ഇന്നിംഗ്സ് ഞങ്ങളെയെല്ലാം വിറപ്പിച്ചു എന്നത് സത്യമാണ്. ഒറു റണ്ണിനായാലും ജയിച്ചതില്‍ സന്തോഷമുണ്ട്’- കോഹ്‌ലി യുടെ വാക്കുകള്‍ ഇങ്ങനെ.

സമ്മര്‍ദ്ദത്തിലും പവന്‍ നേഗിയും യുസ്വേന്ദ്ര ചാഹലും മികച്ച രീതിയില്‍ പന്തെറിഞ്ഞുവെന്നു കോലി പറഞ്ഞു. മോയിന്‍ അലിയെ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കാതിരുന്നത് തന്റെ പിഴവായിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു. ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഉമേഷ് യാദവ് എറിഞ്ഞ ഓവറില്‍ 26 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്ന് സിക്സറും ഒരു ഫോറും അടക്കം 24 റണ്‍സാണ് ധോണി അടിച്ചെടുത്തത്. അവസാന പന്തില്‍ സിംഗിളെടുക്കാന്‍ ശ്രമിച്ചെങ്കിലും ഷര്‍ദ്ദൂല്‍ ഠാക്കൂര്‍ റണ്ണൗട്ടായതോടെ ചെന്നൈ ഒരു റണ്ണിന് തോല്‍ക്കുകയായിരുന്നു.

Exit mobile version