മുതലാളിമാരുടെ സമ്മര്‍ദ്ദവും പണകിലുക്കവും ഒക്കെയാണ് ഐപിഎല്‍; എങ്കിലും ധോണിയും അശ്വിനും ചെയ്തത് ശരിയായില്ല; കുറ്റപ്പെടുത്തി മാര്‍ക്ക് വോയും മൈക്കല്‍ വോണും

ന്യൂഡല്‍ഹി: സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് യോജിക്കാത്ത തരത്തിലാണ് യുവതലമുറയിലെ സ്‌പോര്‍ട്‌സ് താരങ്ങളുടെ പ്രവര്‍ത്തിയെന്ന വിമര്‍ശനം ഉയരുന്നതിനിടെ വീണ്ടും വിവാദം കത്തിച്ച് ഐപിഎല്‍. മാന്യന്മാരുടെ ഗെയിം എന്നുള്ള പേരൊക്കെ ക്രിക്കറ്റില്‍ നിന്നും അപ്രത്യക്ഷമാകുന്ന തരത്തിലാണ് കളിക്കളത്തിലെ പണക്കിലുക്കവും താരങ്ങളുടെ പെരുമാറ്റവുമെന്ന് മുതിര്‍ന്ന താരങ്ങള്‍ വിമര്‍ശിക്കുന്നു.

അശ്വിന്റെ മങ്കാഡിങും എംഎസ് ധോണിയുടെ ചൂടന്‍ പെരുമാറ്റവും ഐപിഎല്ലിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതോടെ വിമര്‍ശനവുമായി മുതിര്‍ന്ന താരങ്ങളുടെ വിമര്‍ശനത്തിന് പിന്തുണയേറുകയാണ്. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ മങ്കാഡിങിലൂടെ ഔട്ടാക്കിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്ര അശ്വിനേയും നോബോളെന്ന് സംശയമുണര്‍ന്ന ബോളില്‍ ഔട്ട് വിധിച്ചതിന് അമ്പയര്‍മാര്‍ക്കെതിരെ രോഷം പ്രകടിപ്പിച്ച് ഗ്രൗണ്ടിലേക്ക് ഇരച്ചുകയറിയ എംഎസ് ധോണിയേയും വിമര്‍ശിച്ച് ലോകക്രിക്കറ്റിലെ തന്നെ സീനിയര്‍ താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.

ധോണിയുടെ നടപടിയെ പിന്തുണച്ചയാള്‍ക്ക് നല്‍കിയ മറുപടിയില്‍ മുന്‍ ഇംഗ്ലീഷ് താരം മൈക്കല്‍ വോണ്‍ പറഞ്ഞത് അമ്പയര്‍മാരുടെ തീരുമാനത്തെ ബഹുമാനിക്കാന്‍ ഒരു ക്യാപ്റ്റനെന്ന നിലയില്‍ ധോണി പഠിക്കണമെന്നായിരുന്നു. അതേസമയം, മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസതാരവും കമന്റേറ്ററുമായ മാര്‍ക്ക് വോയുടെ പ്രതികരണം ഇതിനകം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയുമായി. ഐപിഎല്ലിലെ ടീം ഉടമസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്ന സമ്മര്‍ദ്ദവും ഇതിനു പിന്നിലെ പണകൊഴുപ്പും അറിയാമെങ്കിലും നായകന്‍മാരെന്ന നിലയില്‍ ധോണിയുടേയും അശ്വിന്റേയും പെരുമാറ്റം നിരാശപ്പെടുത്തിയെന്നാണ് വോ പ്രതികരിച്ചത്. ഇതു നല്ല പ്രവണതയല്ലെന്നും വോ പറയുന്നു. ഏതായാലും ഐപിഎല്‍ തുടക്കത്തില്‍ തന്നെ വിവാദത്തിന്റെ പടുകുഴിയില്‍ വീണു കിടക്കുകയാണ്.

കഴിഞ്ഞദിവസത്തെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ബെന്‍സ്‌റ്റോക്‌സിന്റെ ബോള്‍ ആദ്യം നോബോളെന്ന് നോണ്‍സ്‌ട്രൈക്കര്‍ അമ്പയര്‍ വിധിക്കുകയും ലെഗ് അമ്പയറുടെ തീരുമാനത്തിന് പിന്നാലെ നോബോളല്ലെന്ന് മാറ്റി പറയുകയുമായിരുന്നു. ഇതോടെ ക്രീസിലുണ്ടായിരുന്ന ജഡേജയും സാന്റ്‌നെറും അമ്പയറുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. തീരുമാനം വൈകിയതോടെ സമ്മര്‍ദ്ദമേറിയ ചെന്നൈ നായകന്‍ ധോണി ഗ്രൗണ്ടിലേക്ക് കയറി വന്ന് ക്രീസുവരെയെത്തി അമ്പയര്‍മാരോട് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ക്യാപ്റ്റന്‍ കൂള്‍ ശാന്തത കൈവിട്ടതുകണ്ട് ആരാധകര്‍ പോലും അമ്പരന്നു. ഒടുവില്‍, അമ്പയര്‍മാര്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും മോശമായി പെരുമാറിയ ധോണിക്കെതിരെ മാച്ച് ഫീയുടെ 50 ശതമാനം പിഴയായി വിധിക്കുകയുമായിരുന്നു.

Exit mobile version