ആള്‍ക്കൂട്ട ആക്രമണത്തിന് തുല്യമെന്ന് സികെ വിനീത്; മഞ്ഞപ്പടയ്ക്ക് എതിരെ പോലീസ് അന്വേഷണം ആരംഭിച്ചു; കൂട്ടായ്മ പിരിച്ചു വിട്ടേയ്ക്കും

കൊച്ചി: സോഷ്യല്‍മീഡിയയിലൂടെ തനിക്കെതിരെ വ്യാപകമായ ആക്രമണം നടക്കുന്നെന്ന ചെന്നൈയിന്‍ എഫ്സി താരം സികെ വിനീതിന്റെ പരാതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മ മഞ്ഞപ്പടയ്ക്കെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു. സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം കൂടിയായ വിനീത് എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.

തനിക്കെതിരെ നടക്കുന്നത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് സമാനമാണെന്ന് പരാതി നല്‍കിയശേഷം വിനീത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ ബോള്‍ ബോയിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടക്കുകയാണെന്ന് ബ്ലാസ്റ്റേഴ്സ് മുന്‍താരം കൂടിയായ വിനീത് പറഞ്ഞു.

വ്യക്തിപരമായ അന്വേഷണത്തില്‍ ഇതിന് പിന്നില്‍ ‘മഞ്ഞപ്പട’ എന്ന പേരിലുള്ള വിവിധ വാട്സ്ആപ്പ് കൂട്ടായ്മകളാണെന്ന് വ്യക്തമായിട്ടുണ്ട്. ‘മഞ്ഞപ്പട എക്സിക്യൂട്ടിവ്’ എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ അഡ്മിനും പ്രസ്തുത സംഘടനയുടെ എറണാകുളം ജില്ല അധ്യക്ഷനുമായ പ്രഭുവിനെക്കുറിച്ച് ഒരു വോയ്‌സ് ക്ലിപ്പില്‍ പരാമര്‍ശിക്കുന്നുമുണ്ടെന്ന് വിനീത് ചൂണ്ടിക്കാട്ടുന്നു.

മഞ്ഞപ്പടയുടെ ഫേസ്ബുക്ക് പേജുകളെക്കുറിച്ച് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. അഡ്മിന്‍മാരെ വിളിച്ചു വരുത്തുമെന്നും സൂചനയുണ്ട്. അതേസമയം, പോലീസ് നടപടി കടുപ്പിച്ചാല്‍ ആരാധക കൂട്ടായ്മ പിരിച്ചുവിട്ടേക്കുമെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മഞ്ഞപ്പട ഭാരവാഹി വ്യക്തമാക്കി. മഞ്ഞപ്പടയുടെ പേരില്‍ നടത്തുന്ന വ്യാജ ഗ്രൂപ്പുകളിലാണ് വിനീതിനെതിരേ മോശം പരാമര്‍ശങ്ങള്‍ നടക്കുന്നതെന്നും ഔദ്യോഗിക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സികെ വിനീതിന്റെ പരാതിയുടെ പൂര്‍ണ്ണരൂപം:

17.02.2019

ബഹുമാനപെട്ട എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ അവര്‍കള്‍ മുമ്പാകെ സി.കെ.വിനീത് ബോധിപ്പിക്കുന്ന പരാതി.

സര്‍,
ഫുട്‌ബോള്‍ പ്ലെയറായ ഞാന്‍ നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ Chennayyian FC എന്ന ടീമിന് വേണ്ടി കളിച്ചുവരുന്നു.

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി കൊച്ചി JLN സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തിനിടയില്‍ ഒരു ബോള്‍ ബോയിയോട് ഞാന്‍ അപമര്യാദയായി പെരുമാറിയെന്ന നിലയിലും തദ്വാര എന്നെ പൊതുജനമധ്യത്തില്‍ അവഹേളിക്കുവാനുദ്ദേശിച്ചുമുള്ള വ്യാജ പ്രചരണങ്ങള്‍ വോയ്സ് ക്ലിപ്പ് ഉള്‍പ്പെടെയുള്ള പോസ്റ്റുകളിലൂടെ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നീ സമൂഹ മാധ്യമങ്ങളില്‍ ഇന്നലെ മുതല്‍ ചില തത്പ്പരകക്ഷികള്‍ പ്രചരിപ്പിച്ചു വരുന്നു. ആയതിന്റെ ലഭ്യമായ ഡിജിറ്റല്‍ തെളിവുകള്‍ ഇതോടൊപ്പം സമര്‍പ്പിക്കുന്നു.

എന്റെ വ്യക്തിപരമായ അന്വേഷണത്തില്‍, പ്രസ്തുത പ്രചരണത്തിന്റെ മൂലശ്രോതസ്സ് ‘മഞ്ഞപ്പട’ എന്ന പേരിലുള്ള വിവിധ വാട്ട്‌സ്ആപ്പ് കൂട്ടായ്മകളും ആണ്. ‘മഞ്ഞപ്പട എക്‌സിക്യൂട്ടീവ്’ എന്ന വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ അഡ്മിനും പ്രസ്തുത സംഘടനയുടെ എറണാകുളം ജില്ലാ അധ്യക്ഷനുമായ ശ്രീ. പ്രഭുവിനെകുറിച്ച് ഒരു വോയ്സ് ക്ലിപ്പില്‍ പരാമര്‍ശിക്കുന്നുമുണ്ട്.

ആയതിനാല്‍, സമക്ഷപത്തില്‍ ദയവുണ്ടായി എത്രയും വേഗം ഇത്തരം പ്രചരണങ്ങള്‍ക്കു പിന്നിലുള്ളവരെ കണ്ടെത്തി സാധ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു.

വിശ്വസ്ഥതയോടെ,
സികെ വിനീത്

Exit mobile version