‘പോര്‍ക്കളങ്ങളിലെ വിജയി’, ഖത്തര്‍ ലോകകപ്പ് ബ്രാന്‍ഡ് അംബാസഡര്‍ ഗാനിം അല്‍മുഫ്താഹിന് ഒപ്പം നിലത്തിരുന്ന് മോര്‍ഗന്‍ ഫ്രീമാന്‍; ഏറ്റെടുത്ത് ലോകം!

പോര്‍ക്കളത്തിലെ വിജയി എന്നാണ് ഗാനിം എന്ന വാക്കിന് അര്‍ത്ഥം. സ്വന്തം പേരിന് ഒപ്പം ഗാനിം എന്ന് ചേര്‍ത്ത അല്‍ മുഫ്താഹ് ആണ് ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് ബ്രാന്‍ഡ് അംബാസഡര്‍. ഗാനിമിനെ ബ്രാന്‍ഡ് അംബാസഡറാക്കിയതും ഖത്തറിന്റെ നിലപാടാണ്. ഭിന്നശേഷിക്കാരനായ ഗാനിം അല്‍ മുഫ്താഹ് ഇന്നലെ സൂപ്പര്‍ ഹോളിവുഡ് താരം മോര്‍ഗന്‍ ഫ്രീമാനൊപ്പം ഉദ്ഘാടന വേദിയിലെത്തിയപ്പോള്‍ ലോകം തന്നെ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു.

കൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗം ബാധിച്ച് അരയ്ക്ക് താഴെ വളര്‍ച്ച മുരടിച്ച ഗാനിമിന് ഒപ്പം നിലത്തിരുന്ന ഫ്രീമാന്റെ ചിത്രം ലോകകപ്പ് ചരിത്രത്തിലെ തന്നെ ചിത്രമായി അടയാളപ്പെടുത്തും.

തന്നെ കുറിച്ച് ഗാനിം പറയുന്നതിങ്ങനെ: ഗാനിം അല്‍ മുഫ്താഹ് എന്ന ഞാന്‍, കൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗം ബാധിച്ച് അരയ്ക്ക് താഴെ വളര്‍ച്ച മുരടിച്ചയാളാണ്. നട്ടെല്ലിന്റെ വളര്‍ച്ചയെ തടസപ്പെടുത്തുന്ന രോഗമാണിത്. എന്നാല്‍ ഇതിലൊന്നും എന്റെ മാതാപിതാക്കള്‍ തളര്‍ന്നില്ല.’

‘ അവര്‍ സമ്മാനിച്ച എന്റെ പേര് തന്നെ അതിനുള്ള തെളിവാണ്. പോര്‍ക്കളങ്ങളിലെ വിജയി എന്ന് അര്‍ഥം വരുന്ന ഗാനിം എന്ന പേരാണ് അവര്‍ എനിക്കായി തിരഞ്ഞെടുത്തത്. നമുക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ സ്വപ്നമെല്ലാം സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് ലോകത്തെ കാണിച്ചുകൊടുക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.സ്വപ്നങ്ങളില്‍ നിന്ന് നിങ്ങളെ പിടിച്ചുകെട്ടാന്‍ ആര്‍ക്കും കഴിയില്ല.’-ഗാനിം മുന്‍പ് പറഞ്ഞ ഈ വാക്കുകള്‍ തന്നെ അദ്ദേഹത്തിനെ അടയാളപ്പെടുത്താന്‍ ധാരാളമാണ്.

ALSO READ- കേരളത്തിന് അഭിമാനം…! ലോകകപ്പ് സ്റ്റേഡിയത്തിന്റെ കവാടത്തില്‍ മലയാളത്തിലും ‘നന്ദി’ എഴുതി ഖത്തറിന്റെ സ്‌നേഹവായ്പ്

അല്‍ ബൈത്ത് സ്റ്റേഡിയത്തിലെ ലോകകപ്പ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് ഖുര്‍ആന്‍ പാരായണത്തോടെ തുടക്കമിട്ടത് ഗാനിമായിരുന്നു. പിന്നാലെ വേദിയിലെത്തിയ നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍ താരപരിവേഷം അഴിച്ചുവെച്ച് ഗാനിമിന് ഒപ്പം നിലത്തിരു് സംസാരിക്കുന്ന ചിത്രം ലോകം ഏറ്റെടുത്തിരിക്കുകയാണ്,

2002 മെയില്‍ ജനിച്ച ഗാനിംമിന് ഗര്‍ഭാവസ്ഥയില്‍തന്നെ രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഭിന്നശേഷിയുള്ള കുഞ്ഞ് പിറന്നാല്‍ അത് ജീവിതകാലം മുഴുവന്‍ സങ്കടം നല്‍കുമെന്ന് പറഞ്ഞ് ഗര്‍ഭഛിദ്രം നടത്താന്‍ പലരും മാതാപിതാക്കളെ ഉപദേശിച്ചെങ്കിലും അവര്‍ തയ്യാറായില്ല.

ഗാനിമിനെ ലോകത്തേക്ക് സ്വാഗതം ചെയ്ത അവര്‍, മകന്റെ കാലുകളായി ഇക്കാലമത്രയും കൂടെ നിന്നു. പഠനകാലത്ത് നേരിട്ട പരിഹാസങ്ങളോട് ഗാനിം പോസിറ്റീവായി പ്രതികരിച്ചു. തന്റെ രോഗത്തെ കുറിച്ച് പറഞ്ഞ് അവരെ തിരുത്തി. ഗാനിമിന്റെ ശരീര വളര്‍ച്ചയെ മാത്രമെ രോഗം തളര്‍ത്തിയുള്ളൂ. ഈ യുവാവിന്റെ ജീവിതം വളരുകയായിരുന്നു. ഇന്ന് 20 വയസുകാരനായ ഗാനിം ഖത്തറിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനാണ്.

ALSO READ- ഭര്‍ത്താവ് ഒപ്പം നിന്നു, പ്രണയം നടിച്ച് 68കാരനെ ഹണി ട്രാപ്പിലാക്കി പ്രമുഖ വ്‌ലോഗര്‍ കൈക്കലാക്കിയത് 23 ലക്ഷം രൂപ, കേസ്

ആറ് ശാഖകളും 60 ജീവനക്കാരുമുള്ള ഗരിസ്സ ഐസ്‌ക്രീം എന്ന കമ്പനിയുടമയാണ് ഗാനിം. ഖത്തറിലെ പ്രമുഖ യൂട്യൂബ് വ്‌ളോഗറാണ്. ലോകമെമ്പാടുനിന്നും ലക്ഷക്കണക്കിന് ഫോളോവേഴ്‌സുമുണ്ട്. വിവിധ ബ്രാന്‍ഡുകളുടെ അംബാസഡര്‍, ഗുഡ്വില്‍ അംബാസഡര്‍ എന്നീ നിലകളില്‍ പ്രശസ്തിയുടെ പടവുകള്‍ ചവിട്ടി കയറുകയായിരുന്നു. കായിക രംഗത്തും മികവുകാണിക്കുന്ന താരമാണ് ഗാനിം. ഒന്നാന്തരം നീന്തല്‍ താരവും സ്‌കൂബ ഡൈവറും കൂടിയാണ് ഗാനിം.

Exit mobile version